പട്ടികവർഗ വികസന വകുപ്പ് 
പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ ചരിത്രം
1975 ൽ ആണ് പട്ടികവർഗ്ഗ വികസന വകുപ്പ് രൂപീകരിച്ചത്. പാലക്കാട് ജില്ലയിലെ ചന്ദ്രനഗർ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന "ഹരിജൻ ക്ഷേമവകുപ്പ് " വിഭജിച്ചാണ് പട്ടികവർഗ്ഗ വികസന വകുപ്പ് രൂപീകരിച്ചത്. വിഭജനം നടന്നെങ്കിലും ഭരണപരമായ നിയന്ത്രണം - ഹരിജൻ ക്ഷേമവകുപ്പിനു തന്നെയായിരുന്നു. ഭരണ പരമായ സൗകര്യാർത്ഥം പിന്നീട് ഡയറക്‌ടറേറ്റ് തിരുവനന്തപുരത്തേക്ക് മാറ്റി. 17.01.1980 ഭരണപരമായ പൂർണ്ണത നിയന്ത്രണം പട്ടികവർഗ്ഗ വികസന വകുപ്പിന് ലഭ്യമാക്കി പ്രത്യേക വകുപ്പായി പ്രവർത്തനം ആരംഭിച്ചു തുടങ്ങി.
1975 ൽ വകുപ്പ് രൂപീകരിക്കുന്ന സമയത്ത് പുനലൂർ, കാഞ്ഞിരപ്പള്ളി, തൊടുപുഴ, മണ്ണാർക്കാട്, നിലമ്പൂർ മാനന്തവാടി എന്നിങ്ങനെ 5 ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസുകളാണ് ഉണ്ടായിരുന്നത്. എന്നാൽ അട്ടപ്പാടിയിൽ സംജാതിക പട്ടികവർഗ്ഗ വികസന പ്രോജക്‌ട് (ഐറ്റിഡിപി) രൂപീകരിച്ചു കൊണ്ടാണ് ഈ മേഖലയിൽ എല്ലാ വികസന പ്രവർത്തനങ്ങളും നടപ്പിലാക്കി വരുന്നത്.
1980-ൽ പട്ടികവർഗ്ഗ ഉപപദ്ധതിയിൽപ്പെടുത്തി പുനലൂർ, ഇടുക്കി, നിലമ്പൂർ, മാനന്തവാടി എന്നീ പട്ടികവർഗ്ഗ വികസന ഓഫീസുകളെ സംജാതിക പട്ടികവർഗ്ഗ പ്രോജക്ടുകളായി രൂപീകരിച്ചു. 1983- 84 മുതൽ സമ്പൂർണ്ണ സംജാതിക പട്ടിക വർഗ്ഗ പ്രോജക്‌ടുകളായി ഈ 4 ഓഫീസുകളും പ്രവർത്തനം ആരംഭിച്ചു. പിന്നീട് ഓരോ സംജാതിക പട്ടികവർഗ്ഗ പ്രോജക്ടുകളുടെയും ഭരണപരമായ അധികാര പരിധി റവന്യൂ ജില്ലകൾക്കനുസരിച്ച് പുനർ നിർണ്ണയിച്ച് വയനാട് ജില്ലയിൽ കൽപ്പറ്റ സംജാതിക പട്ടികവർഗ്ഗ പ്രോജക്ടിൻ്റെ അധികാര പരിധി വൈത്തിരി താലൂക്കായും നിശ്ചയിക്കുകയും ചെയ്തു. 1991-ൽ മാനന്തവാടി, സുൽത്താൻ ബത്തേരി ഓഫിസുകളും നിലവിൽ വന്നു. അതിന് ശേഷം ചാലക്കുടി, പാലക്കാട്, അടിമാലി ഓഫീസുകൾ വിവിധ കാലഘട്ടങ്ങളിലായി നിലവിൽ വന്നു. 7 സംജാതിക പട്ടികവർഗ്ഗ പ്രോജക്‌ടുകളും 10 പട്ടികവർഗ്ഗ വികസന ഓഫീസുകളും പ്രവർത്തിച്ചു വരുന്നു.
വകുപ്പിൻറെ രൂപീകരണ സമയത്ത് 28 ട്രൈബൽ എക്‌സ്‌റ്റൻഷൻ ഓഫീസുകളും, 6 സ്പെഷ്യൽ എക്‌സ്‌റ്റൻഷൻ ഓഫീസുകളുമാണ് ഉണ്ടായിരുന്നത്. 1982-ൽ 12 ട്രൈബൽ എക്‌സ്‌റ്റൻഷൻ ഓഫീസുകളും 2016-ൽ 5 ട്രൈബൽ എക്‌സ്‌റ്റൻഷൻ ഓഫീസുകളും അനുവദിച്ചിരുന്നു. പട്ടികവർഗ്ഗ വികസന വകുപ്പ് തലവൻ ഐ.എ.എസ് കേഡറിലുള്ള ഉദ്യോഗസ്ഥനാണ്. ഡയറക്ടറേറ്റ് തലത്തിൽ ഒരു ജോയിൻ്റ് ഡയറക്‌ടർ, 2 ഡെപ്യൂട്ടി ഡയറക്ടർമാർ, ഒരു സീനിയർ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ, സീനിയർ ഫിനാൻസ് ഓഫീസർ, 2 അസിസ്‌റ്റൻ്റ് ഡയറക്‌ടർമാർ, ഒരു പ്ലാനിംഗ് ഓഫീസർ എന്നിവർ ഡയറക്ടറെ സഹായിക്കുന്നു. ജില്ലാ തലത്തിൽ 17 ഓഫീസുകൾ പ്രവർത്തിച്ച് വരുന്നുണ്ട്. ഈ ഓഫീസുകളുടെ അധികാര പരിധി റവന്യൂ ജില്ലകളെ അടിസ്ഥാനപ്പെടുത്തിയല്ലാ നിശ്ചയിച്ചിട്ടുള്ളത്. വയനാട് ജില്ലയിൽ 3 ജില്ലാതല ഓഫീസുകളും പാലക്കാട്, ഇടുക്കി ജില്ലകളിൽ 2 ജില്ലാതല ഓഫീസുകളും പ്രവർത്തിച്ച് വരുന്നു. ആലപ്പുഴയിൽ ജില്ലാ തല ഓഫീസ് പ്രവർത്തിക്കുന്നില്ല.
വകുപ്പിന് കീഴിൽ ജോലി ചെയ്‌തു വരുന്ന ജില്ലാതല ഓഫീസർമാർ 2 കാറ്റഗറിയിലാണ് ജോലി ചെയ്തു വരുന്നത്. അസിസ്‌റ്റൻ്റ് ഡയറക്‌ടർ കേഡറിലുള്ള പട്ടികവർഗ്ഗ വികസന ഓഫീസർ (ടിഡിഒ) ഡെപ്യൂട്ടി ഡയറക്‌ടർ കേഡറിലുള്ള സംജാതിക പട്ടികവർഗ്ഗ പ്രോജക്ട് ഓഫീസർ (പി.ഒ) എന്നിങ്ങനെയാണ് ജോലി ചെയ്തു വരുന്നത്. ഓരോ പ്രോജക്ട‌് ഓഫീസർ/ പട്ടികവർഗ്ഗ വികസന ഓഫീസർമാരുടെ കീഴിൽ ട്രൈബൽ എക്‌സ്‌റ്റൻഷൻ ഓഫിസർമാർ ജോലി ചെയ്തു വരുന്നു. ഇതു കൂടാതെ 1182 പട്ടികവർഗ്ഗ പ്രൊമോട്ടർമാരും ജോലി ചെയ്തു വരുന്നുണ്ട്. ഇവർ പട്ടികവർഗ്ഗ വികസന വകുപ്പും, പട്ടികവർഗ്ഗ കുടുംബങ്ങളും തമ്മിലുള്ള കണ്ണികളായി പ്രവർത്തിച്ചു വരുന്നു.