സംസ്ഥാനത്തെ പട്ടികവർഗ്ഗ സങ്കേതങ്ങളിൽ വസിക്കുന്ന പട്ടികവർഗ്ഗക്കാർക്ക് അടിയന്തിരമായി നടപ്പിലാക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക വികസന പ്രവർത്തനങ്ങൾ, സ്ത്രീകളുടെയും കുട്ടികളുടെയും അടിസ്ഥാന ആവശ്യങ്ങൾ എന്നിവ നിറവേറ്റുന്നതിനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
താഴെപ്പറയുന്ന പ്രവർത്തനങ്ങൾക്ക് സഹായം നൽകാൻ ഉദ്ദേശിക്കുന്നു.
-
ഊരുകൾക്കുള്ളിലെ റോഡ്, നടപ്പാത, ഡ്രെയിനേജ് സംവിധാനം, ശുചീകരണം
-
കുടിവെള്ള വിതരണം- എല്ലാ വീട്ടിലും ഗാർഹിക കണക്ഷൻ നൽകി കുടിവെള്ള വിതരണം ഉറപ്പാക്കണം. (ജൽ ജീവൻ മിഷൻ ഉൾപ്പെടെയുള്ള കുടിവെള്ള പദ്ധതികൾ ഉള്ളിടത്ത് ഈ ഘടകം ഒഴിവാക്കേണ്ടതാണ്).
-
സോളാർ ലൈറ്റുകൾ/മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ
-
ഇന്റർനെറ്റ് കണക്ടിവിറ്റി സൗകര്യങ്ങൾ

-
ഊരുകൾക്കുള്ളിലെ ഖര, ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ
-
വീടുകളുടെ നവീകരണം
-
ശൗചാലയ നിർമ്മാണം/ശൗചാലയങ്ങൾ ഉപയോഗയോഗ്യമാക്കുക
-
കമ്മ്യൂണിറ്റി സെന്ററുകൾ, സാമൂഹ്യ പഠന മുറികൾ എന്നിവയുടെ നിർമ്മാണം/പരിപാലനം
-
ഊരുകൾക്കുള്ളിലെ പൊതു ആസ്തികളുടെ പരിപാലനം
-
പൊതു സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ (കളിസ്ഥലം, കാവ്, കുളം, ശ്മശാനം എന്നിവയുൾപ്പെടെ)
-
സംരക്ഷണ ഭിത്തിയുടെ നിർമ്മാണം (മണ്ണിടിച്ചിൽ അപകട സാധ്യത ഉള്ളിടത്ത്)
-
കിണർനവീകരണം
-
പ്രയാസകരമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ഗോത്രങ്ങളുടെ പുനരധിവാസം.
-
കുടിൽ വ്യവസായങ്ങൾ
-
സാംസ്കാരികകേന്ദ്രത്തിന്റേയും ലൈബ്രറിയുടെയും നിർമ്മാണവും സജ്ജീകരണവും.
പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന അഡീഷണൽ ട്രൈബൽ സബ്പ്ലാൻ (എ.ടി.എസ്.പി) പ്രവൃത്തികളുടെ സ്പില് ഓവർ പ്രവർത്തികൾ, പി.കെ കാളൻ പദ്ധതിയിൽ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികൾ എന്നിവക്കുള്ള തുകയും ഈ പദ്ധതിയില്നിന്നും വഹിക്കാവുന്നതാണ്.
പട്ടികവർഗ്ഗക്കാർക്കിടയിലെ വികസന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൻ, കുടുംബം/സെറ്റിൽമെന്റ് അടിസ്ഥാനമാക്കിയുള്ള സൂക്ഷ്മതല പദ്ധതികൾ തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി പങ്കാളിത്ത ഗ്രാമീണ മൂല്യനിർണ്ണയ ടൂളുകൾ ഉപയോഗിച്ച് ഓരോ കുടുംബത്തിനും ഒരു മൈക്രോ പ്ലാൻ എന്ന അടിസ്ഥാനത്തില് പദ്ധതി രൂപീകരിക്കും. പട്ടികവർഗ്ഗ വികസന വകുപ്പും പട്ടികജാതി/പട്ടികവർഗ്ഗവികസനത്തിനായുളള ജില്ലാതല കമ്മിറ്റികളും മൈക്രോപ്ലാനുകൾ തയ്യാറാക്കുന്നതിനും, റിസോഴ്സ് മാപ്പിംഗ് നടത്തുന്നതിനുമായി ലൈൻ ഡിപ്പാർട്ട്മെന്റുകളുമായി വിപുലമായ കൂടിയാലോചനകൾ നടത്തുകയും നടപ്പാക്കാവുന്ന കർമപദ്ധതികൾക്ക് അന്തിമരൂപം നൽകുന്നതിൽ നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്യേണ്ടതാണ്. പട്ടികജാതി/പട്ടികവർഗ്ഗ വികസന വകുപ്പ് നടത്തുന്ന സാമൂഹ്യ-സാമ്പത്തിക സർവേ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൈക്രോ പ്ലാൻ തയ്യാറാക്കുന്നത്, അത് പട്ടികജാതി/പട്ടികവർഗ്ഗ വികസനത്തിനായുള്ള ജില്ലാതല കമ്മിറ്റികൾ (ഡി.എൽ.സി ഫോർ എസ്സി/എസ്ടി) അംഗീകരിക്കണം. ഗ്രാമവികസന വകുപ്പിന്റെ 'അതിദാരിദ്ര്യ സർവേ 2021-22' പ്രകാരം കണ്ടെത്തിയ കുടുംബങ്ങൾക്ക് മുൻഗണന നൽകും. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ എല്ലാ പദ്ധതികളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ലൈഫ് മിഷൻ, ദേശീയ തൊഴിലുറപ്പ് മിഷൻ (എം.ജി.എൻ.ആർ.ഇ.ജിഎസ്), ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, സംയോജിത ശിശുവികസന പദ്ധതി (ഐ.സി.ഡി.എസ്), ദേശീയ സാമൂഹിക സഹായ പരിപാടി(NSAP),വിവിധ വകുപ്പുകൾ/ഏജൻസികൾ തുടങ്ങി കേന്ദ്ര/സംസ്ഥാന ഫണ്ടുകൾ ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികൾ സംയോജിപ്പിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തും. സർക്കാർ ഉത്തരവ് പ്രകാരമായിരിക്കും പ്രവൃത്തികളുടെ അംഗീകാരവും നടപ്പാക്കലും. ആദ്യഘട്ടത്തിൽ, ആപേക്ഷിക ദുർബ്ബലതയും പിന്നാക്കാവസ്ഥയും കണക്കിലെടുത്ത് 162 സെറ്റിൽമെന്റുകളെ മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിനായി പട്ടികവർഗ്ഗ വികസന വകുപ്പ് തിരഞ്ഞെടുക്കും. പട്ടികവർഗ്ഗ വികസന വകുപ്പിലെ സബ് പ്ലാൻ സെൽ മൈക്രോ പ്ലാൻ തയ്യാറാക്കലും നടപ്പാക്കലും ഏകോപിപ്പിക്കും. മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സബ് പ്ലാൻ സെല്ലിൽ സോഷ്യൽ സയൻസിൽ ബിരുദാനന്തര ബിരുദമുള്ള രണ്ട് ഇന്റേണുകളെ നിയമിക്കാം. ട്രൈബൽ അഫയേഴ്സ് മന്ത്രാലയത്തിൻ കീഴിലുള്ള എസ്.ടി.സി (പട്ടികവർഗ്ഗ ഘടകം) യുടെ നിരീക്ഷണത്തിനും ഈ ഇന്റേൺ സഹായിക്കും. നിലവിൽ വിവിധ വികസന വകുപ്പുകൾ ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ എസ്.ടി.സി ഫണ്ടുകൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽ വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗത്തിൻ ശരിയായ നിരീക്ഷണം ആവശ്യമാണ്.2024-25 കാലയളവിൽ ഇ-സർവേയ്ക്കും മൈക്രോ പ്ലാൻ തയ്യാറാക്കലിനും നടപ്പാക്കലിനും ഈ പദ്ധതിക്ക് കീഴിലെ തുക വിനിയോഗിക്കാം. 2024-25 സാമ്പത്തിക വർഷത്തിൽ4000.00 ലക്ഷം രൂപ ഈ പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നു. ലിംഗാധിഷ്ഠിത സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ പദ്ധതിയുടെ 75 ശതമാനംതുകയും വനിതാ ഗുണഭോക്താക്കൾക്ക് ലഭിക്കുമെന്ന് കണക്കാക്കുന്നു.