Comprehensive Tribal Health Care

പദ്ധതികൾ

 

സമഗ്ര പട്ടികവർഗ്ഗ ആരോഗ്യ സംരക്ഷണം

 ഈ പദ്ധതിയിൽ താഴെ പറയുന്ന ഘടകങ്ങൾക്കാണ് വിഹിതം വകയിരുത്തിയിരിക്കുന്നത്. 

 

പട്ടികവർഗ്ഗ വികസന വകുപ്പ് അട്ടപ്പാടി (2 ക്ലിനിക്കുകൾ), ചാലക്കുടി (1ക്ലിനിക്ക്), ഇടുക്കി (2 ക്ലിനിക്കുകൾ) എന്നിവിടങ്ങളിലെ വിദൂര പട്ടികവർഗ്ഗ മേഖലകളിൽ അഞ്ച് അലോപ്പതി ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ നടത്തുന്നു. ഈ സ്ഥാപനങ്ങൾ വഴി പ്രതിവർഷം 24,000ലധികം പട്ടികവർഗ്ഗ ഗുണഭോക്താക്കൾക്ക് സഹായം നൽകുന്നു. ഈ ഒ.പി ക്ലിനിക്കുകൾ വഴിയാണ് ആംബുലൻസ് സേവനങ്ങളും മെഡിക്കൽ ക്യാമ്പുകളും നടത്തുന്നത്. ഒ.പി ക്ലീനിക്കുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ കരാർ അടിസ്ഥാനത്തിലാണ് പട്ടികവർഗ്ഗ വികസന വകുപ്പ് നിയമിക്കുന്നത്. മരുന്നുകളുടെ വിലയും ഈ സ്ഥാപനങ്ങളുടെ നടത്തിപ്പിനുള്ള മറ്റ് ചാർജുകളും ഉൾപ്പെടെയുള്ള എസ്റ്റാബ്ലിഷ്മെന്റ് ചെലവുകൾ നിറവേറ്റുന്നതിനുള്ള വ്യവസ്ഥയും, ഈ ഒ.പി ക്ലിനിക്കുകൾ മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നതിനുള്ള ചെലവും ഈ ഘടകത്തിൻ കീഴിൽ വിഭാവനം ചെയ്തിട്ടുണ്ട്.

 

Image

 

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലൂടെ പട്ടികവർഗ്ഗ വിഭാഗത്തിൻ വൈദ്യ സഹായം ലഭ്യമാക്കുന്നത് ഈ ഘടകം വിഭാവനം ചെയ്യുന്നു. സിക്കിൾസെൽ അനീമിയ, ടി.ബി, ക്യാൻസർ, ഹൃദയം/വൃക്ക/മസ്തിഷ്ക സംബന്ധമായ അസുഖങ്ങൾ, ജലജന്യ രോഗങ്ങൾ തുടങ്ങി വിവിധ രോഗബാധിതരായ പട്ടികവർഗ്ഗവിഭാഗക്കാർക്ക് സംസ്ഥാനത്തെ അംഗീകൃത ആശുപത്രികൾ മുഖേന ചികിൽസാ സഹായം ലഭ്യമാക്കുന്നതിനും പദ്ധതിയിൽ വകയിരുത്തിയിരിക്കുന്ന തുക വിനിയോഗിക്കാവുന്നതാണ്. മരുന്നുകൾ വാങ്ങുക, സ്കാനിംഗ് ഉൾപ്പെടെയുള്ള വൈദ്യ പരിശോധനകൾ നടത്തുക, വൈദ്യ സഹായം ലഭ്യമാക്കുക, സർക്കാർആശുപത്രികളിൽ ആംബുലൻസ് ഇല്ലാത്തപക്ഷം ആംബുലൻസിന്റെ സേവനം ലഭ്യമാക്കുക എന്നിവയ്ക്കായും ഈ തുക ഉപയോഗിക്കാവുന്നതാണ്. ആവശ്യമുള്ള പക്ഷം രോഗികൾക്ക് കൂട്ട് നില്ക്കുന്നവർക്കുള്ള പോക്കറ്റ് മണിയും രോഗികൾക്കുള്ള ആഹാരത്തിന്റെ ചെലവും ഇതില് നിന്നും വഹിക്കാവുന്നതാണ്.
സംസ്ഥാനത്തെ 14 ജില്ലാ ആശുപത്രികളിലും പട്ടികവർഗ്ഗ ജന വിഭാഗങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജിലെ സൂപ്രണ്ട്/ജില്ലാ മെഡിക്കല് ഓഫീസർ മുഖാന്തിരം തുക അനുവദിച്ചു നല്കുന്നതാണ്. കൂടാതെ, കൊച്ചിൻ മെഡിക്കൽ കോളേജ്, പരിയാരം മെഡിക്കല് കോളേജ് എന്നീ സഹകരണ മെഡിക്കൽ കോളേജുകളിലെ സൂപ്രണ്ടിനും, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെയും റീജിണൽ ക്യാൻസർ സെന്റർ, മലബാർ ക്യാൻസർ സെന്റർ എന്നിവിടങ്ങളിലെ ഡയറക്ടർമാർക്കും ഇതില് നിന്നും തുക അനുവദിക്കാവുന്നതാണ്. അതിദാരിദ്ര്യ സർവേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങൾക്ക് മുൻഗണന നൽകും.

 

പ്രകൃതി ദുരന്തങ്ങളും വിവിധ രോഗങ്ങളും ബാധിക്കുന്ന പട്ടികവർഗ്ഗക്കാർക്ക് സാമ്പത്തിക സഹായം നല്കുകയാണ് ഈ ഘടകത്തിന്റെ ഉദ്ദേശം.മാരക രോഗങ്ങളായ ക്യാൻസർ, ഹൃദയം/വൃക്ക/മസ്തിഷ്ക സംബന്ധമായ അസുഖങ്ങൾ എന്നിവകൊണ്ട് കഷ്ടത അനുഭവിക്കുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള പട്ടികവർഗ്ഗക്കാർക്ക് സാമ്പത്തിക സഹായം നല്കുന്നു. ഇങ്ങനെ കഷ്ടത അനുഭവിക്കുന്നവർക്ക് ബഹുമാനപ്പെട്ട പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സർക്കാർ ഉത്തരവ് പ്രകാരം ഒരാൾക്ക് ഒരു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്നതാണ്. ബന്ധപ്പെട്ട സ്പെഷ്യലിസ്റ്റ് മെഡിക്കല് പ്രാക്ടീഷണർമാരുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിക്കുന്നത്. അവശ്യ സന്ദർഭങ്ങളിൽ പട്ടികവർഗ്ഗ കടുംബങ്ങൾക്ക് സാമ്പത്തിക സഹായം നല്കുക എന്നതും ഈ പദ്ധതിയിൽ വിഭാവനം ചെയ്യുന്നു. മെഡിക്കല് ക്യാമ്പുകൾ നടത്താനുള്ള സാമ്പത്തിക സഹായം, രോഗിയെ അടുത്തുള്ള ആശുപത്രിയില് എത്തിക്കുന്നതിനുള്ള സഹായം, ഡോക്ടറുടെ നിർദ്ദേശപ്രകാരം പോഷകാഹാരം നല്കുക, ആശുപത്രികളിൽ ലഭ്യമല്ലാത്ത മരുന്നുകൾ ലഭ്യമാക്കുക, രോഗി മരണപ്പെട്ടാല് വേണ്ടി വരുന്ന ചെലവ്/പോസ്റ്റ്മോർട്ടത്തിനാവശ്യമായ ചെലവുകൾ, അത്യാഹിതങ്ങൾ കൈകാര്യം ചെയ്യാനുള്ള സഹായനിധി/അപ്രതീക്ഷിത സംഭവങ്ങൾ/അപകടങ്ങൾ, ദുരിതമനുഭവിക്കുന്നവർക്ക് ഉടനടി സഹായം എത്തിച്ചുകൊടുക്കുക എന്നിവയാണ് ഈ ഘടകത്തിൻ കീഴിൽ വിഭാവനം ചെയ്യുന്ന മറ്റ് പ്രവർത്തനങ്ങൾ.അതിദാരിദ്ര്യ സർവേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങൾക്ക് മുൻഗണന നൽകും.

 

 

മദ്യപാനം, പുകവലി, പുകയില ഉല്പന്നങ്ങളായ പാൻപരാഗ് തുടങ്ങിയവയ്ക്കെതിരായുള്ള ബോധവല്ക്കരണവും, ക്ലാസുകളും, മെഡിക്കൽ ക്യാമ്പും, മുതിർന്നവർക്കായി പ്രത്യേക ആരോഗ്യ വിദ്യാഭ്യാസ ക്ലാസ്സുകളും ആരോഗ്യ, എക്സൈസ് വകുപ്പുകളുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പുകളിലൂടെയും ആരോഗ്യ, വിദ്യാഭ്യാസ സെഷനുകളിലൂടെയും നടത്തുവാൻ ഉദ്ദേശിക്കുന്നു.

ഈ മേഖലകൾക്ക് പ്രാധാന്യം നല്കിയുള്ള ആരോഗ്യ വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കും കൗൺസിലിങ്ങിനും മുൻഗണന നൽകും. ദീർഘകാലമായി മദ്യപാനത്തിൻ അടിമപ്പെട്ട് ലഹരി വിമോചന കേന്ദ്രങ്ങളിൽ എത്തുന്നവരുടെ ആശുപത്രി ചെലവും ഈ പദ്ധതിയിൽ നിന്നും കണ്ടെത്താവുന്നതാണ്.

 

 

ഗുരുതര പോഷകാഹാരക്കുറവുള്ള പട്ടികവർഗ്ഗ മേഖലകളിൽ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ സഞ്ചരിക്കുന്ന മെഡിക്കല് യൂണിറ്റ് ഉപയോഗപ്പെടുത്തിക്കൊണ്ട് പോഷകാഹാര പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നു. പരിശോധന, പോഷകാഹാര കൗണ്സിലിംഗ്, പൂരകപോഷകാഹാരം നല്കൽ, പോഷകാഹാര ബോധവല്ക്കരണ പ്രചരണ പരിപാടി, ശുചിത്വ ബോധവല്ക്കരണം, പ്രസവത്തിൻ മുമ്പും പിമ്പുമുള്ള പരിശോധനകൾ, റഫറൽ സേവനങ്ങൾ എന്നിവയാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ. പട്ടികവർഗ്ഗക്കാരുടെ പ്രാദേശികവും വംശീയവുമായ പ്രത്യേകതകൾ കണക്കിലെടുത്ത് ഏത് തരത്തിലുള്ള ആഹാര ക്രമമാണ് ശാസ്ത്രപരമായി പാലിക്കേണ്ടത് എന്നത് സംബന്ധിച്ച വിവരം നല്കുന്നതൊടൊപ്പം പ്രാദേശികമായി ലഭിക്കുന്ന പോഷകഹാരങ്ങളിലുടെ ആരോഗ്യ സംതുലനാവസ്ഥ ഉണ്ടാക്കുന്നതുമാണ്.

 

അട്ടപ്പാടി ഊരുകളിലെ ഗർഭിണികളുടെ പ്രസവസംബന്ധമായ ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആരംഭിച്ച ‘അമ്മവീട്’ പദ്ധതിയുടെ തടസ്സമില്ലാത്ത പ്രവർത്തനത്തിൻഈ പദ്ധതിയിൽ വകയിരുത്തിയിരിക്കുന്ന തുക വിനിയോഗിക്കാം.ഈ പദ്ധതിയിൽ ഗർഭിണികൾക്ക് പ്രസവതീയതിക്ക് മുൻപുതന്നെ'അമ്മവീട്ടിൽ' വന്ന് സുരക്ഷിതമായ പ്രസവത്തിനായി കുടുംബത്തോടൊപ്പം താമസിക്കാനുള്ള സൗകര്യം ഒരുക്കും. പ്രസവശേഷം അമ്മയും കുഞ്ഞും തൃപ്തികരമായ ആരോഗ്യസ്ഥിതിയോടെ ഊരുകളിലേക്ക്മടങ്ങുന്ന വിധത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

 

 

പ്രാക്തനഗോത്ര വർഗ്ഗക്കാരുൾപ്പെടെയുള്ള ഗോത്ര സമൂഹങ്ങൾക്ക് രോഗ സാധ്യത വളരെ കൂടുതലാണ്. ദാരിദ്ര്യം, നിരക്ഷരത, രോഗകാരണങ്ങളെക്കുറിച്ചുള്ള അജ്ഞത, സുരക്ഷിതമായ കുടിവെള്ളത്തിന്റെയും ശുചിത്വത്തിന്റെയും അഭാവം എന്നിവ ഇവരുടെ ദുരിതത്തിൻ ആക്കം കൂട്ടുന്നു. ഇവയ്ക്ക് പരിഹാരം കാണുന്നതിനായി മനുഷ്യ വിഭവശേഷി ലഭ്യമാക്കല്, വിദൂരജന വിഭാഗങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ എത്തിക്കൽ, ആരോഗ്യ ബോധവല്ക്കരണം, കോളനികളിലെ സാമൂഹ്യ പങ്കാളിത്തം ഉറപ്പുവരുത്തല് എന്നിവ ശക്തിപ്പെടുത്തണം. പട്ടികവർഗ്ഗസമുദായങ്ങളിൽ നിന്നുള്ള ഗോത്ര ഭാഷ അറിയാവുന്ന പാരാമെഡിക്കല് കോഴ്സുകൾ, പ്രത്യേകിച്ചും ജനറൽനഴ്സിംഗ്, മിഡ് വൈഫറി പഠിച്ചവർ ഇത്തരം സ്ഥലങ്ങളിൽ ജോലി ചെയ്യാൻ തയ്യാറാണെങ്കിൽ പട്ടികവർഗ്ഗക്കാരുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ സാധിക്കും. ഇത്തരം വ്യക്തികളെ ഓണറേറിയം വ്യവസ്ഥയിൽ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ ആരോഗ്യ സ്ഥാപനങ്ങളിലോ നിയമിച്ച് പട്ടികവർഗ്ഗവിഭാഗക്കാരെ ഇത്തരം കേന്ദ്രങ്ങളുമായി സഹകരിപ്പിച്ച് പ്രവർത്തിപ്പിക്കാവുന്നതാണ്. ഇവർ ഓരോ പട്ടികവർഗ്ഗക്കാരുടെയും ആരോഗ്യനില തുടർച്ചയായി നിരീക്ഷിക്കുകയും, അടുത്തുള്ള ആരോഗ്യ സംരക്ഷണ സ്ഥാപനവുമായി കൂടിയാലോചിച്ച് സമയോചിത പരിഹാര നടപടികൾ സ്വീകരിക്കേണ്ടതുമാണ്.

 

പട്ടികവർഗ്ഗ മേഖലയ്ക്കായി മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ/ക്ലിനിക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ക്ലിനിക്കുകൾ അടുത്തുള്ള പി.എച്ച്.സികൾ, സി.എച്ച്.സികൾ, താലൂക്ക് ആശുപത്രികൾ, മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ എന്നിവയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ ലിമിറ്റഡുമായി (കെ.എം.എസ്.സി.എൽ) സഹകരിച്ച് വകുപ്പിൻ കീഴിൽ 14 മൊബൈൽ മെഡിക്കൽ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നു. മൊബൈൽ മെഡിക്കൽ ക്ലിനിക്കുകളിൽ ഡോക്ടർമാരും, പാരാമെഡിക്കൽ സ്റ്റാഫും, ലാബുകളും, മരുന്നുകളും സജ്ജീകരിക്കുന്നതിനാവശ്യമായ ചെലവ് ഇതിൽ നിന്നും വകയിരുത്താവുന്നതാണ്. അതോടൊപ്പം കുട്ടികളിലേയും ഗർഭിണികളിലേയും പോഷകാഹാരക്കുറവ് സംബന്ധിച്ച് അങ്കണവാടികൾ കണ്ടെത്തിയ റിപ്പോർട്ടുകൾക്ക് ഈ പദ്ധതിയില് പ്രത്യേക പരിഗണന നല്കും.

 

കേരളത്തില് പട്ടികവർഗ്ഗ വിഭാഗക്കാർക്കിടയിലെ സ്തനാർബുദം, ഓറല് ക്യാൻസർ, സർവിക്കൽ ക്യാൻസർ എന്നിവ പ്രരംഭഘട്ടത്തിൽ കണ്ടെത്തി തടയുന്നതിനായി ആർ.സി.സിയും സി-ഡാക്കും സംയുക്തമായി വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓട്ടോമേറ്റഡ് സെർവിക്കൽ ക്യാൻസർ സ്ക്രീനിംഗ് സംവിധാനം ഉപയോഗിച്ച് വയനാട്ടിലെ നല്ലൂർനാട് ആശുപത്രയിൽ ബ്രാച്ചിതെറാപ്പി സൗകര്യം (ഉപകരണങ്ങൾ ഉൾപ്പെടെ) സ്ഥാപിക്കുന്നതിനുളള പദ്ധതിയാണ് ഇത്.

 

 

ഭിന്നശേഷിയുള്ള പട്ടികവർഗക്കാർക്ക് അവരുടെ വൈകല്യങ്ങൾ മറികടക്കാൻ വീൽചെയറുകളും ശ്രവണസഹായികളും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ വയനാട് ജില്ലയിൽ നടപ്പാക്കുന്ന പരിപാടി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. പട്ടികവർഗ്ഗ വികസന വകുപ്പും, ഭിന്നശേഷിക്കാരുടെ നൈപുണ്യ വികസനവും പുനരധിവാസവും ശാക്തീകരണവും ലക്ഷ്യം വെച്ച് കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിൻ കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോടുള്ള കോമ്പോസിറ്റ് റീജിയണൽ സെന്ററും (സി.ആർ.സി) സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
എ.ഡി.ഐ.പി (അസ്സിസ്റ്റൻസ് റ്റു ഡിസേബിൾഡ് പേഴ്സൺസ് ഫോർ പർച്ചേഴ്സ്/ഫിറ്റിങ് ഓഫ് എയ്ഡ്സ് ആൻഡ് അപ്ലയൻസസ്)പദ്ധതിയിലൂടെ ഉപകരണങ്ങൾ സൗജന്യമായി ലഭിക്കും. ഈ പദ്ധതിയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്യാമ്പുകൾക്കുള്ള സാമ്പത്തിക സഹായം, ഗുണഭോക്താക്കൾക്ക് -പദ്ധതിയുടെ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള ചെലവുകൾ, യാത്രാ ചെലവ്, മറ്റു ചെലവുകൾ തുടങ്ങിയവ ഈ ഘടകത്തിൽ നിന്ന് കണ്ടെത്താനാകും.