പദ്ധതികൾ
പട്ടികവർഗ്ഗ ഉപപദ്ധതി പ്രകാരമുള്ള പരിപാടികളിലെ നിർണ്ണായക വിടവ് നികത്തൽ പദ്ധതി(കോർപ്പസ് ഫണ്ട്)
വാർഷിക പദ്ധതിയിൽ ട്രൈബൽ സബ് പ്ലാൻ സ്കീമുകളിൽ ഉണ്ടാകാവുന്ന നിർണ്ണായകമായ വിടവ് നികത്തുന്നതിനാണ് കോർപ്പസ് ഫണ്ട് ഉപയോഗിക്കുന്നത്. ഉപജീവന വികസനം, അടിസ്ഥാന ആവശ്യങ്ങൾ, സാമ്പത്തിക വികസനം മുതലായവയ്ക്ക് ഊന്നൽ നല്കിക്കൊണ്ടുള്ള പ്രോജക്ടാധിഷ്ഠിത സമീപനമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ജില്ലകളില് നിന്നും ഡയറക്ടറേറ്റിൽ നിന്നും ലഭിക്കുന്ന പ്രോജക്ടുകൾക്ക് ഫണ്ട് അനുവദിക്കുന്നതാണ്. കൂടാതെ, ഇന്റർനെറ്റ് കണക്ടിവിറ്റി, ഓണ്ലൈൻ വിദ്യാഭ്യാസത്തിൻ സൗകര്യവും സാമഗ്രികൾ വാങ്ങുകയും ചെയ്യുക, ജീവനോപാധി പ്രവർത്തനങ്ങൾ, പൈപ്പ് വാട്ടർ കണക്ടിവിറ്റി, ശുചിത്വം വീടുകളുടെ വൈദ്യൂതീകരണം, ദാരിദ്ര രേഖയ്ക്ക് താഴെ നില്ക്കുന്ന പട്ടികവർഗ്ഗക്കാർക്ക് പാചകവാതക കണക്ഷൻ, എന്നിവയ്ക്ക് മുൻതൂക്കം നല്കേണ്ടതാണ്. പട്ടികവർഗ്ഗവിഭാഗത്തിന്റെ സാക്ഷരതയും അനൗപചാരിക വിദ്യാഭ്യാസവും, സ്വയം തൊഴിലും നൈപുണ്യ വികസന പരിപാടികളും, ജല വിതരണം, ശുചിത്വം, കമ്മ്യൂണിറ്റി ഹാൾ, ലൈബ്രറി തുടങ്ങിയ കമ്മ്യൂണിറ്റി ഫെസിലിറ്റേഷൻ സെന്ററുകൾ എന്നിവയുടെ മെച്ചപ്പെടുത്തൽ, എത്തിപ്പെടാൻ പ്രയാസമേറിയ സ്ഥലങ്ങളിലേക്ക് നടപ്പാതകൾ, പാലങ്ങൾ, റോഡ്, കലുങ്കുകൾ എന്നിവ നിർമ്മിക്കുക, വിനിമയ സൗകര്യം മെച്ചപ്പെടുത്തുക, സാങ്കേതികവിദ്യാ കൈമാറ്റവും വിവരങ്ങൾ നല്കുന്നതുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ, വാർത്താവിനിമയവും വിദ്യാഭ്യാസവും, മെച്ചപ്പെട്ട ആരോഗ്യ-ശുചിത്വം, സോഫ്റ്റ് സ്കില്ലുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസത്തിന്റെ വികസനം, വിവിധ പ്രവൃത്തികളില് തൊഴിലധിഷ്ഠിത പരിശീലനം, പട്ടികവർഗ്ഗക്കാർക്ക് വേണ്ടി ഇന്റർനെറ്റ്, ഡി.റ്റി.പി, ഫോട്ടോ സ്റ്റാറ്റ്, ഫാക്സ് സൗകര്യങ്ങൾ, പ്രധാൻ മന്ത്രി ആദി ആദർശ് ഗ്രാം യോജന (മുൻപ്പട്ടികവർഗ്ഗ ഉപപദ്ധതികളിലെ പ്രത്യേക കേന്ദ്ര സഹായം) ഉപയോഗിച്ചുള്ള പദ്ധതിയിലെ വിടവ് നികത്തല്, അംഗീകൃത സർക്കാരിതര ഏജൻസികളും ഗവേഷണ സ്ഥാപനങ്ങളും മുഖേന പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പാക്കിയ പരിപാടികളുടെ വിലയിരുത്തൽ തുടങ്ങിയ പ്രോജക്ടുകൾക്ക് ധനസഹായം ഈ പദ്ധതിയിലൂടെ നല്കുന്നുണ്ട്.
കൂടാതെ സമർത്ഥരായ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ദേശീയ അന്തർദേശീയ തലത്തിലെ മികച്ച സ്ഥാപനങ്ങളില് പ്രവേശനം നേടാനും, വിദേശത്ത് ജോലി അന്വേഷിക്കുന്ന പട്ടികവർഗ്ഗയുവജനങ്ങൾക്ക് ആവശ്യമായ സഹായം നല്കുന്നതിനുള്ള പ്രോജക്ടുകളും പരിഗണിക്കുന്നതാണ്. കുടുംബാധിഷ്ഠിതമായി തുടങ്ങുന്ന സൂക്ഷ്മസംരംഭങ്ങളുമായി ബന്ധപ്പെട്ട പ്രോജക്ടുകളെയും പരിഗണിക്കും. ഇതില് അവിവാഹിതരായ അമ്മമാരുടെ പുനരധിവാസത്തിൻ മുൻഗണന നല്കുന്നതാണ്. ഒരേക്കറില് കുറഞ്ഞ ഭൂമിയുള്ള പട്ടികവർഗ്ഗകൃഷിക്കാർക്ക് കൃഷിക്കായി പാട്ടത്തിൻ എടുത്തിരിക്കുന്ന ഭൂമിയുടെ യഥാർത്ഥ പാട്ടത്തുക കൊടുക്കുക എന്നതും ഈ പദ്ധതിയുടെ ഭാഗമാണ്. പട്ടികവർഗ്ഗമേഖലകളിൽ ഓണക്കോടി വിതരണം, കുടുംബശ്രീ യൂണിറ്റ് സംഘടിപ്പിക്കുക, നിലവിലുള്ള കുടുംബശ്രീ യൂണിറ്റുകളുടെ വിപുലീകരണം, പുതിയ സംരംഭങ്ങൾ തുടങ്ങുവാനുള്ള സഹായം എന്നിവയ്ക്കും പ്രാധാന്യം നല്കുന്നതാണ്. പട്ടികവർഗ്ഗ വികസനവകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളെ മൂന്നാമതൊരു സ്ഥാപനത്തെ കൊണ്ട് പഠന വിധേയമാക്കാനും സോഷ്യൽ ഓഡിറ്റിംഗ് നടത്തുവാനും ഈ പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ലോൺ തിരിച്ചടവിനുള്ള തുക ഇതില് നിന്ന് കണ്ടെത്താവുന്നതാണ്.
പട്ടികവർഗ്ഗ ജനസംഖ്യ, പി.വി.റ്റി.ജി വിഭാഗത്തിന്റെ സാന്നിധ്യം, പിന്നാക്കാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തില് വിഹിതത്തിന്റെ മൂന്നിൽ ഒരു ഭാഗം ജില്ലകൾക്കായി നീക്കിവച്ചിരിക്കുന്നു. ജില്ലാ ഓഫീസുകൾക്ക് അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിൻ ഒരു കണ്ടിൻജൻസി ഫണ്ട് അനുവദിക്കും. 25 ലക്ഷം രൂപ വരെയുള്ള പദ്ധതികൾക്ക് പട്ടികവർഗ്ഗ വികസനത്തിനുവേണ്ടി രൂപീകരിച്ചിട്ടുള്ള ജില്ലാതല കമ്മിറ്റിക്ക് ഭരണാനുമതി നല്കാവുന്നതാണ് (ഡി.എല്.സി ഫോർ എസ്.സി.എസ്.ടി). അതിദാരിദ്ര്യ സർവേയിലും പട്ടികവർഗ്ഗ മൈക്രോ പദ്ധതിയിലും ഉൾപ്പെട്ട കുടുംബങ്ങൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന വിടവ് നികത്തൽ പദ്ധതികൾക്ക് തുക വിനിയോഗിക്കാം.
നിർണായക വിടവ് നികത്തൽ (കോർപ്പസ് ഫണ്ട്) പദ്ധതിയുടെ ആസൂത്രണം, നടപ്പാക്കൽ, നിരീക്ഷണ ചെലവുകൾ എന്നിവയും ഈ ഘടകത്തിൽ നിന്ന് കണ്ടെത്താവുന്നതാണ്.
പട്ടികവർഗ്ഗ വിദ്യാഭ്യാസ മേഖലയിലെ എൻറോൾമെന്റ്, സ്കൂളുകളിലെ റിറ്റൻഷൻ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിനും വിജയശതമാനം, ഗ്രേഡുകൾ, വിദ്യാഭ്യാസ നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ആസൂത്രണ ബോർഡ്, പട്ടികവർഗ്ഗ വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, എൽ.എസ്.ജി.ഡി എന്നിവ ചേർന്ന് തയ്യാറാക്കിയ കർമപദ്ധതി നടപ്പാക്കുന്നതിനും ഈ പദ്ധതിക്ക് കീഴിലുള്ള തുക വിനിയോഗിക്കാം.
റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിനുള്ള പദ്ധതികൾ ജില്ലാതല വർക്കിംഗ് ഗ്രൂപ്പിന്റെ ശിപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാന തല വർക്കിംഗ് ഗ്രൂപ്പ് പരിഗണിക്കുകയും തുക പട്ടികവർഗ്ഗ വികസന വകുപ്പിൽ നിന്നും അനുവദിക്കുകയും ചെയ്യുന്നു. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നതിൻ സബ്പ്ലാൻ സെല്ലിൻ കീഴിൽ വിവര സാങ്കേതിക വിദ്യയുടെ സഹായത്താല് സ്പെഷ്യൽ മോണിറ്ററിംഗ് സമ്പ്രദായം (എം.ഐ.എസ് സെല്) വികസിപ്പിക്കേണ്ടതാണ്.
ഈ പദ്ധതിയ്ക്ക് കീഴിൽ ജില്ലാതലത്തിൽ അനുവദിച്ചിട്ടുള്ള വിവിധ പദ്ധതികളുടെ നടത്തിപ്പിന്റെ പുരോഗതി, ആസൂത്രണ സാമ്പത്തിക കാര്യ (എ) വകുപ്പിന്റെ 28/09/2021 ലെ 11/2021/ Planning നമ്പർ സർക്കാർ ഉത്തരവ് പ്രകാരം പട്ടികജാതി/പട്ടികവർഗ്ഗ വികസനത്തിനായുളള ജില്ലാതല കമ്മിറ്റി വിലയിരുത്തേണ്ടതാണ്.