പദ്ധതികൾ
ഇടമലക്കുടി സമഗ്ര വികസന പാക്കേജ്
സംസ്ഥാനത്തെ ആദ്യ പട്ടികവർഗ്ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടി ഒട്ടേറെ വികസനപ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. മെച്ചപ്പെട്ട പാർപ്പിടം, കുടിവെള്ളം, വൈദ്യുതി, റോഡ്, കണക്റ്റിവിറ്റി, വിദ്യാഭ്യാസം, ആരോഗ്യ സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാക്കുക എന്നത് പരമ്പരാഗത വികസന മാതൃകകൾ കൊണ്ട് എളുപ്പമുള്ള കാര്യമല്ല. അതിനാൽ ഇടമലക്കുടിയുടെ പ്രശ്നം പരിഹരിക്കുന്നതിനും വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഒരു പ്രത്യേക ലക്ഷ്യ പരിപാടി ആവശ്യമാണ്. ഇടമലക്കുടിയുടെ വികസനത്തിന്റെ ആവശ്യങ്ങളും അവ നിറവേറ്റുന്നതിനുവേണ്ട വിഭവങ്ങളും തമ്മിലുള്ള വിടവ് നികത്തുന്നതിനാണ് ഈ പദ്ധതി.
ജില്ലാ പ്ലാനിംഗ് ഓഫീസ്, ഊരുകൂട്ടം, ഗ്രാമപഞ്ചായത്ത്, പട്ടികവർഗ്ഗ വികസന വകുപ്പ്, വനം വകുപ്പ്, കുടുംബശ്രീ, പ്രധാന ലൈൻ ഡിപ്പാർട്ടുമെന്റുകൾ എന്നിവയിൽ നിന്നുള്ള അംഗങ്ങൾ അടങ്ങുന്ന ഒരു പ്രത്യേക വികസന സമിതി ഇതിനായി ഉണ്ടാക്കേണ്ടതാണ്. ഇടമലക്കുടിയുടെ സമഗ്ര വികസനത്തിൻ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളുടെ സംയോജനവും വിവിധ ഫണ്ട് സ്രോതസ്സുകളുടെ സംയോജനവും വിഭാവനം ചെയ്യുന്നു.

2024-25 വർഷത്തിൽ, ഭവനം, വൈദ്യുതി, റോഡ്, ഉപജീവനമാർഗം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളിലും, സർക്കാർ ഓഫീസുകൾക്കും സ്റ്റാഫ് ക്വാർട്ടേഴ്സുകൾക്കുമായി ഓഫീസ് സമുച്ചയത്തിന്റെ നിർമ്മാണം, സ്കൂൾ കെട്ടിടം, അനുബന്ധ നിർമ്മിതികൾ, അംഗൻവാടികളുടെയും കമ്മ്യൂണിറ്റി സെന്ററുകളുടെയും നിർമ്മാണം, എൻ.ടി.എഫ്.പികളക്ഷൻ സെന്റർ, ആരോഗ്യ സംരക്ഷണത്തിൻ വേണ്ടിയുള്ള സൗകര്യങ്ങൾ തുടങ്ങിയവയും, നിലവിലുള്ള സംയോജിത ഇടമലക്കുടി വികസന പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ള എല്ലാ പദ്ധതികളും, പെട്ടിമുടി-ഇടലിപ്പാറക്കുടി റോഡിന്റെ അനുബന്ധ റോഡുകളുടെ നിർമ്മാണവുംലക്ഷ്യമിടുന്നു.
ബാലസഭകളും കുടുംബശ്രീ അയൽക്കൂട്ടങ്ങളും രൂപീകരിക്കുന്നതിനും, കുടുംബശ്രീയുടെ ഉപജീവന പ്രവർത്തനങ്ങൾക്കും, കുടുംബശ്രീ പ്രവർത്തക സംഘങ്ങളെ സജീവമായി പരിശീലിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ്, എസ്സി/എസ്ടി ഫെഡറേഷൻ തുടങ്ങിയ ഏജൻസികളുടെ പിന്തുണയോടെ പ്രാദേശിക ഉൽപ്പന്നങ്ങളുടെ സംസ്കരണം, മൂല്യവർദ്ധനവ്, വിപണനം എന്നിവ ചെയ്യാനും തുക വിനിയോഗിക്കാം. ഇടുക്കി ജില്ലാ പ്ലാനിംഗ് ഓഫീസ് വഴി ഈ പദ്ധതി ഏകോപിപ്പിക്കാവുന്നതാണ്. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റി സംസ്ഥാനതലത്തിൽ പദ്ധതി നിരീക്ഷിക്കും.