Food Support/Food Security Programme

പദ്ധതികൾ

 

ഭക്ഷണത്തിനുള്ള സഹായം / ഭക്ഷ്യസുരക്ഷയ്ക്കുള്ള പരിപാടി

പട്ടികവർഗ്ഗക്കാർക്കിടയിലെ ദാരിദ്ര്യം പോഷകാഹാരക്കുറവ് എന്നിവ ഇല്ലാതാക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പട്ടികവർഗ്ഗ മേഖലയിൽ ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണിത്. മൺസൂൺ, പ്രകൃതിക്ഷോഭങ്ങൾ, അത്യാഹിതങ്ങൾ, തുടങ്ങി പട്ടികവർഗ്ഗക്കാർക്കു തൊഴിൽ ഇല്ലാത്ത സമയങ്ങളിൽ അവർക്കു പോഷകാഹാരവും ഭക്ഷ്യസുരക്ഷയും ഈ പദ്ധതിയിലൂടെ ഉറപ്പുവരുത്തുന്നു. ഭക്ഷ്യധാന്യങ്ങൾ ഓരോ ഗോത്ര പ്രദേശത്തെയും ഭക്ഷണ രീതിയും അഭിരുചികളും മുൻഗണനകളും അടിസ്ഥാനമാക്കി ബന്ധപ്പെട്ട പി.ഒ/ടി.ഡി.ഒ തലത്തില് തീരുമാനക്കുന്നതാണ്. വിധവകൾ കുടുംബനാഥയായുള്ള കുടുംബങ്ങൾക്കും അവിവാഹിതരായ അമ്മമാർക്കും പ്രത്യേക മുൻഗണന നല്കുന്നതാണ്. പട്ടികവർഗ്ഗഅംഗങ്ങളുടെ വിളർച്ചയും പോഷകാഹാരക്കുറവും കണക്കിലെടുത്തും, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, സിക്കിൾ സെൽ അനീമിയ രോഗികളുള്ള കുടുംബങ്ങൾ എന്നിവർക്ക് പ്രത്യേക പരിഗണന നല്കിയും വേണം ഭക്ഷ്യവസ്തുക്കൾ തെരഞ്ഞെടുക്കേണ്ടത്.


പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഓണം/പ്രത്യേക ആഘോഷങ്ങളുള്ള അവസരങ്ങളിൽ ഭക്ഷണ പായ്ക്കറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള ചെലവും, ഗതാഗത ചെലവും ഈ പദ്ധതിയില് വകയിരുത്തിയിരിക്കുന്നു. കൂടാതെ ദേവികുളം ഗിരിജൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴി ഇടുക്കി ജില്ലയിലെ ഇടമലക്കുടി പട്ടികവർഗ്ഗ അധിവാസ കേന്ദ്രത്തിലുള്ള രണ്ട് റേഷൻ കടകളിലേക്കും കൂടാതെ സംസ്ഥാനത്തെ വിദൂര പട്ടികവർഗ്ഗ മേഖലകളിലേക്ക് ഭക്ഷണസാധനം എത്തിക്കുന്നതിനുള്ള ഗതാഗത ചെലവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് കൂടാതെ പ്രകൃതി ദുരന്തമുണ്ടാകുന്ന അവസരങ്ങളില് പ്രത്യേക ഭക്ഷണ പാക്കറ്റുകൾ നല്കുന്നതിനും, കുടുംബശ്രീയും മറ്റ് അംഗീകൃത ഏജൻസികളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കമ്മ്യൂണിറ്റി കിച്ചൻ വേണ്ട തുകയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പോഷകാഹാരക്കുറവുള്ള കുട്ടികൾ, അമ്മമാർ ,കിടപ്പ് രോഗികൾ, വൃദ്ധജനങ്ങൾ എന്നിവർക്കുള്ള പോഷകാഹാര വിതരണത്തിനും തുക വിനിയോഗിക്കാവുന്നതാണ്. അട്ടപ്പാടി പട്ടികവർഗ്ഗമേഖലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവ് സംബന്ധിച്ച് പ്രത്യേക ശ്രദ്ധ നൽകുകയും, വിവിധ പദ്ധതികൾ പ്രകാരം പ്രദേശത്ത് ഉൽപ്പാദിപ്പിക്കുന്ന റാഗി, ചോളം, പയർ, പച്ചക്കറികൾ തുടങ്ങിയ കാർഷിക ഉൽപന്നങ്ങൾ പൊതുവിതരണ സംവിധാനം ഉപയോഗപ്പെടുത്തി പട്ടികവർഗ്ഗക്കാർക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതാണ്. അതിദാരിദ്ര്യ സർവേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങൾക്ക് മുൻഗണന നൽകും.