HR Support for Implementation of Schemes in the Tribal Areas

Educational Schemes

പദ്ധതികൾ

പട്ടികവർഗ്ഗമേഖലകളിൽ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള മാനവ വിഭവശേഷി പിന്തുണ

പട്ടികവർഗ്ഗ വികസന വകുപ്പ് നിരവധി വികസന പദ്ധതികൾ നടപ്പാക്കുന്നുണ്ട്.പദ്ധതികളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനും പിന്തുണ നൽകുന്നതിനും പ്രവർത്തന മേഖലയിൽ ധാരാളം മാനവവിഭവശേഷി ആവശ്യമാണ്. ഈ പദ്ധതി താൽക്കാലിക മാനവവിഭവശേഷി പിന്തുണയ്ക്കാൻ ഉദ്ദേശിച്ചുള്ളതാണ്.

ഈ പദ്ധതിയില് താഴെ പറയുന്ന ആറ് ഉപപദ്ധതികളാണുള്ളത്.

പട്ടികവർഗ്ഗ വികസന പദ്ധതികളുടെ ഗുണഫലങ്ങൾ പട്ടികവർഗ്ഗ ഗുണഭോക്താക്കളിൽ എത്തിക്കാൻവേണ്ടി പട്ടികവർഗ്ഗ മേഖലകളിൽ തെരഞ്ഞെടുത്ത് നിയമിക്കപ്പെടുന്ന ഫെസിലിറ്റേറ്റർമാരാണ് പട്ടികവർഗ്ഗ പ്രൊമോട്ടർമാർ. ഗുണഭോക്താക്കളേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും വികസന വകുപ്പുകളെയും ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായും ഇവർ പ്രവർത്തിക്കുന്നു. ഇതിനായി പട്ടികവർഗ്ഗ യുവാക്കളെ തെരഞ്ഞെടുത്ത് നിയമിക്കുകയും അവർക്ക് ഗ്രാമീണ പങ്കാളിത്ത അവലോകനം, പങ്കാളിത്ത മോണിട്ടറിംഗ്, പ്രാഥമിക ആരോഗ്യ പരിപാലനം, പ്രകൃതി വിഭവങ്ങളുടെ പരിപാലനം എന്നിവയിൽ പരിശീലനം നല്കുകയും ചെയ്യുന്നു. കൂടാതെ യുവതി/യുവാക്കളെ ഹെല്ത്ത്പ്രൊമോട്ടർമാരായി ആശുപത്രികളിൽ നിയമിച്ചിട്ടുണ്ട്. ഇവർക്ക്ഓരോരുത്തർക്കും പ്രതിമാസം 12,500/- രൂപ ഓണറേറിയവും 1,000/-രൂപ യാത്രാബത്തയും നല്കുന്നുണ്ട്. ട്രൈബല് പ്രൊമോട്ടർമാർക്ക് ഓണറേറിയവും, യാത്രാബത്തയും നല്കുന്നതിനും പരിശീലനം നല്കുന്നതിനും വിവിധ അവബോധന പരിപാടികൾ നടത്തുന്നതിനുമായി തുക വകയിരുത്തിയിരിക്കുന്നു. ആശുപത്രികളിൽ പട്ടികവർഗ്ഗരോഗികളെ പരിപാലിക്കുന്നഹെല്ത്ത് പ്രമോട്ടർമാർക്കുള്ള ഓണറേറിയത്തിനും, യാത്രാബത്തയ്ക്കും തുക വിനിയോഗിക്കാവുന്നതാണ്.

പട്ടികവർഗ്ഗക്കാരുടെ ശാക്തീകരണത്തിനുവേണ്ടി ഊരുകൂട്ടങ്ങൾ എല്ലാ പട്ടികവർഗ്ഗ മേഖലയിലും രൂപീകരിക്കുകയാണ് ഈ ഉപപദ്ധതിയുടെ ലക്ഷ്യം. പ്രാദേശിക സർക്കാരുകളുടെ പദ്ധതി രൂപീകരണം, മോണിട്ടറിംഗ് ഉൾപ്പെടെ പട്ടികവർഗ്ഗ വിഭാഗത്തിനെ ശാക്തീകരിക്കുന്നതിൻ ഊരുക്കൂട്ടങ്ങൾ മൂന്നു മാസത്തിലൊരിക്കലെങ്കിലും കൂടേണ്ടതാണ്. പട്ടികവർഗ്ഗ വികസന വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏറ്റെടുത്ത പ്രവൃത്തികളുടെ സോഷ്യൽ ഓഡിറ്റ് നടത്തുന്നതിനായി ഊരു കൂട്ടത്തെ പ്രാപ്തമാക്കേണ്ടതാണ്. സർക്കാർ ഉത്തരവ് പ്രകാരം ഊരുകൂട്ടങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഓരോ ഊരുകൂട്ടത്തിനും വേണ്ടിവരുന്ന ചെലവ് 2,500/- രൂപയിൽ കവിയരുത്. ഊരുകൂട്ടത്തിൻ വേണ്ടിയുള്ള ചെലവുകൾ നടത്താനും, കൂടാതെ ഊരുകൂട്ട അംഗങ്ങളുടെ കാര്യശേഷി മെച്ചപ്പെടുത്തുന്നതിനും, ബോധവത്കരണ പരിപാടികൾ നടത്തുന്നതിനും, കില മുഖാന്തിരം ജില്ലാതലത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിനും, തദ്ദേശീയദിനം ആഘോഷിക്കുന്നതിനും ഈ പദ്ധതിയിലെ തുക വിനിയോഗിക്കാം.വകുപ്പ് നടത്തിയ പട്ടികവർഗ്ഗ കുടുംബങ്ങളുടെ ഇ-സർവേകണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ദുർബലരായ കുടുംബങ്ങൾക്കുള്ള കുടുംബാധിഷ്ഠിത മൈക്രോപ്ലാനുകൾ തയ്യാറാക്കുന്നതിനുള്ള പ്രത്യേക ഊരുകൂട്ടങ്ങൾക്കും പദ്ധതി തുക വിനിയോഗിക്കാം.


അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത പട്ടികവർഗ്ഗ യുവതി/യുവാക്കൾക്ക് സമയാസമയങ്ങളിൽ, മാനേജ്മെന്റ് ട്രെയിനികൾക്ക് നിഷ്ക്കർഷിച്ചിട്ടുള്ള യോഗ്യത അനുസരിച്ച് അപ്രന്റീസ്ഷിപ്പ് നിയമപ്രകാരം ഒരു വർഷത്തേയ്ക്ക് പട്ടികവർഗ്ഗ വികസന വകുപ്പ് അപ്രന്റീസ്ഷിപ്പ് പരിശീലനം നല്കുന്നു. ഓരോ വർഷവും ഏകദേശം 140 മാനേജ്മെന്റ് ട്രെയിനികൾക്ക് പരിശീലനം നല്കുന്നതിനാണ് ഈ ഉപപദ്ധതി ലക്ഷ്യമിടുന്നത്. ഗുണഭോക്താക്കളുടെ ലിംഗാധിഷ്ഠിത സ്ഥിതി വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ പദ്ധതിയുടെ 60 ശതമാനത്തോളം തുക വനിതാ ഗുണഭോക്താക്കൾക്ക് ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു.


എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി/എം.എ ആന്ത്രപ്പോളജി (അഭിലഷണീയം) എന്നീ യോഗ്യതകളുള്ളവരെ പട്ടികവർഗ്ഗ വികസന മേഖലയിൽ സോഷ്യൽ വർക്കർമാരായി നിയോഗിച്ചിട്ടുണ്ട്. കൗണ്സിലിംഗ് നടത്തുക,കോണ്ഫറൻസിൻ വേണ്ട സൗകര്യങ്ങൽ ഏർപ്പെടുത്തുക, വിഭവ സമാഹരണം,മദ്യം,ലഹരി,പുകയില തുടങ്ങിയവ ഉപയോഗിക്കുന്നതിനെതിരെ അവബോധന ക്യാമ്പുകൾ സാമൂഹ്യാധിഷ്ഠിതമായി നടത്തി ജനങ്ങളിൽ ബോധവല്ക്കരണം നടത്തുക എന്നീ ചുമതലകൾ ഇവർ നിറവേറ്റുന്നു. സോഷ്യല് വർക്കർമാർക്കുള്ള ഓണറേറിയം സർക്കാർ മാനദണ്ഡപ്രകാരം നല്കുന്നതിൻ വിഹിതം വകയിരുത്തിയിരിക്കുന്നു.ഗുണഭോക്താക്കളുടെ ലിംഗാധിഷ്ഠിത സ്ഥിതി വിവരങ്ങളുടെ അടിസ്ഥാനത്തില് ഈ പദ്ധതിയുടെ 50ശതമാനത്തോളം തുക വനിതാ ഗുണോഭോക്താക്കൾക്ക് ലഭിക്കുമെന്ന് കണക്കാക്കുന്നു.

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലും പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളിലും എം.ആർ.എസുകളിലുമായി 10000 ത്തിൽ അധികം വിദ്യാർത്ഥികളാണ് താമസിച്ച് പഠിക്കുന്നത്. സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിൽ നിന്നുമുള്ള കുട്ടികൾക്ക് പുതിയ സാഹചര്യവുമായി പൊരുത്തപ്പെടുന്നതിനുള്ള പ്രശ്നങ്ങൾ, അന്തർമുഖത്വം, വ്യക്തികളുമായി ബന്ധം സ്ഥാപിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. അവരുടെ ഇത്തരം മാനസിക പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ വേണ്ടി പട്ടികവർഗ്ഗവികസന വകുപ്പ് 2005-06 മുതൽ സ്റ്റുഡന്റ് കൗണ്സിലേഴ്സിനെ ഏർപ്പെടുത്തിയിട്ടുണ്ട്. കേരള സർക്കാർ അംഗീകരിച്ച എം.എസ്.ഡബ്ല്യു/എം.എ സൈക്കോളജി അല്ലെങ്കില് തത്തുല്യ യോഗ്യതയാണ് കൗണ്സിലർക്ക് വേണ്ട കുറഞ്ഞ യോഗ്യത. നല്ല പ്രവൃത്തി പരിചയമുള്ളവർക്കും പട്ടികവർഗ്ഗത്തില്പ്പെട്ട സ്റ്റുഡന്റ് കൗൺസിലർമാർക്കും മുൻഗണന നല്കുന്നതാണ്. നിലവിലെ സർക്കാർ മാനദണ്ഡ പ്രകാരം ഓണറേറിയം നല്കുന്നതാണ്.

സംസ്ഥാനത്തെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾകളുടെ ഭാഷാ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവർക്ക് ശരിയായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുമായി ഗോത്രഭാഷയും മലയാളഭാഷയും വശമുള്ള റ്റി.റ്റി.സി/ബി.എഡ് യോഗ്യതയുള്ള പട്ടികവർഗ്ഗ യുവജനങ്ങളെ തെരഞ്ഞെടുത്ത് പരിശീലനം നല്കുകയും അവരെ പ്രൈമറി സ്ക്കൂളുകളിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുകയും ചെയ്യുന്നു. നിലവില് 267മെന്റർ ടീച്ചർമാരെ വയനാട്, അട്ടപ്പാടി ബ്ലോക്ക്-പാലക്കാട്,നിലമ്പൂർ മേഖലയിൽ നിയമിച്ചിട്ടുണ്ട്. ഈ മെന്റർ ടീച്ചർമാർക്കുള്ള ഓണറേറിയത്തിനാവശ്യമായ തുക ഈ ഉപപദ്ധതിയിൽ നിന്നും വഹിക്കാവുന്നതാണ്. ഇവർ അധ്യാപനത്തോടൊപ്പം പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ഭാഷാ പ്രശ്നങ്ങൾ പരിഹരിക്കുകയും അവരുടെ കൊഴിഞ്ഞുപോക്ക് കുറച്ച് മുഴുവൻ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെയും സ്കൂൾ പ്രവേശനം ഉറപ്പാക്കുകയും, കുട്ടികൾക്കാവശ്യമായ തീവ്രപരിശീലനം നല്കുകയും ചെയ്തുകൊണ്ട് സാമൂഹ്യ പ്രവർത്തകരായും ഫെസിലിറ്റേറ്ററായും പ്രവർത്തിക്കേണ്ടതാണ്. ഇവർ വിദ്യാർത്ഥികളെ പരിപാലിച്ചുകൊണ്ട് സമൂഹത്തിനും സ്ക്കൂളിനും ഇടയിൽ പ്രവർത്തിക്കാൻ കഴിവുള്ളവരായിരിക്കണം. അതോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടതുമാണ്. ഇവരുടെ സേവനം വർഷം തോറും എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാക്കുന്നതാണ്. നിലവിലെ സർക്കാർ മാനദണ്ഡ പ്രകാരം ഓണറേറിയം നല്കാവുന്നതാണ്.