പദ്ധതികള്‍
പട്ടികവർഗ്ഗവികസനവകുപ്പ് കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ
16 മോഡൽ റസിഡൻഷ്യൽ/ആശ്രമംസ്കൂളുകൾ, നാല് ഏകലവ്യ സ്കൂളുകൾ, രണ്ട് സ്പെഷ്യൽ സി.ബി.എസ്.ഇ മോഡൽ റസിഡൻഷ്യൽ സ്കൂൾ എന്നിവയുടെ നടത്തിപ്പ് ചെലവ്/മാനേജ്മെന്റ് ചെലവ് വഹിക്കുന്നതിനാണ് തുക വകയിരുത്തിയിരിക്കുന്നത്.
മാതൃകാ റസിഡൻഷ്യൽ സ്കൂളുകൾ നടത്തുന്നതിനാവശ്യമായ എസ്റ്റാബ്ലിഷ്മെന്റ് ചെലവുകൾ (വേതനവും, അലവൻസുകളും ഉൾപ്പെടെയുള്ള ചെലവുകൾ), അറ്റകുറ്റപ്പണികൾ, ഇന്ധന ചെലവുകൾ, പാചക വാതകത്തിനും മറ്റു സാധനങ്ങൾക്കുമുള്ള തുക, ഖര-ദ്രവമാലിന്യ സംസ്ക്കരണം, ഊർജ്ജപദ്ധതികൾ, നവീകരണം, കാർഷിക സംരംഭങ്ങൾ, മിയാവാക്കി വനങ്ങൾ, ഇ-ഗവേണൻസ് സംരംഭങ്ങൾ നടപ്പിലാക്കാനുള്ള പ്രോജക്ടുകൾ, അധിക പരിശീലനം, അധിക നൈപുണ്യ ആർജ്ജവ പരിപാടി ഉൾപ്പെടെയുള്ള നൈപുണ്യ വികസനം, സംരംഭകത്വ വികസനം, ഗ്രൂപ്പ് പ്രവർത്തനങ്ങളായ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എൻ.സി.സി, എൻ.എസ്.എസ്, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് തുടങ്ങിയവ, ഫർണിച്ചർ, കമ്പ്യൂട്ടർ/അനുബന്ധ ഉപകരണങ്ങൾ, സോഫ്റ്റ് സ്കില്ലുകളുടെ വികസനത്തിനായുള്ള പരിപാടികളും അധിക/പരിഹാര കോച്ചിംഗുകളും, സെമിനാറും വർക്ക് ഷോപ്പും നടത്തുന്നതിനായുള്ള ചെലവുകൾ, ഫീല്ഡ് സന്ദർശനം/വർക്ക് ഷോപ്പുകൾ/ശാസ്ത്രമേളകൾ, ഇന്ത്യയിലും വിദേശത്തുമുള്ള മത്സരങ്ങൾ തുടങ്ങിയവയ്ക്കുള്ള കുട്ടികളുടെയും സ്റ്റാഫിന്റെയും യാത്രാ ചെലവും മറ്റു അലവൻസുകളും, വിദ്യാർത്ഥികളുടെ പഠന യാത്രയ്ക്കുള്ള ചെലവുകൾ, കൗണ്സിലിംഗ്, സ്റ്റുഡന്റ്സ് ഡോക്ടർ, സ്റ്റുഡന്റ് പോലീസ് എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക പരിപാടികൾ, കുട്ടികളുടെ സമഗ്ര വികസനത്തിനുള്ള ‘അവർ റെസ്പോണ്സിബിലിറ്റി റ്റു ചിൽഡ്രൻ’പദ്ധതി, സെക്കന്ററി/ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കുള്ള സഹവാസ ക്യാമ്പ്, തുടങ്ങിയവയ്ക്കുള്ള ചെലവുകൾ ഈ പദ്ധതിയിൽ നിന്നും വഹിക്കാവുന്നതാണ്. ഒരു വർഷം 7500വിദ്യാർത്ഥികളെ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി ലക്ഷ്യമിടുന്നു.
നവീന മേഖലകളില് തൊഴിലവസരങ്ങൾ ഉറപ്പാക്കുതിനായി മോഡൽ റെസിഡൻഷ്യൽ സ്ക്കുളുകളിൽ പഠിക്കുന്ന സെക്കന്ററി, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നല്കുന്നതാണ്.
സർഗോത്സവം (വകുപ്പിനുകീഴിലെ ഹോസ്റ്റലുകളിലെയും, എം.ആർ.എസുകളിലെയും സെക്കൻഡറി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായുള്ള സംസ്ഥാനതല യുവജനോത്സവം,), പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കൂളുകളിലെ റസിഡന്റ് ട്യൂട്ടറുടെ പ്രതിഫലം, എം.ആർ.എസിന്റെ പ്രൊഫഷണൽ എച്ച്.ആർ പിന്തുണ, കരിയർ കൗൺസലിംഗ്, കരിയർ ഓറിയന്റഡ് പരിശീലന പരിപാടികൾ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകളും ഈ പദ്ധതിയിൽ നിന്നും വഹിക്കാവുന്നതാണ്.
ലിംഗാധിഷ്ഠിത സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തില് പദ്ധതിയുടെ 50 ശതമാനം തുക വനിതാ ഗുണഭോക്താക്കൾക്ക് ലഭിക്കുമെന്ന് കണക്കാക്കുന്നു (6 സ്കൂളുകൾ - പെണ്‍കുട്ടികൾ മാത്രമുള്ളവ).
മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്ത് സുരക്ഷിത-സൗജന്യബോർഡിംഗും താമസവും നല്കിക്കൊണ്ട് പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യഭ്യാസം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം. ഉന്നതവിദ്യാഭ്യാസരംഗത്ത് പട്ടികവർഗ്ഗ വിഭാഗത്തില്പ്പെട്ട കുട്ടികളുടെ പ്രവേശനം താരതമ്യേന കുറവായതിനാൽ ഇവർക്കിടയിൽ ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിൻ എല്ലാ ജില്ലകളിലും ഹോസ്റ്റൽ സൗകര്യം ഒരുക്കുന്നതിൻ വകുപ്പ് എല്ലാ നടപടികളും സ്വീകരിക്കുന്നതാണ്.
വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലോ വാടകകെട്ടിടത്തിലോ പ്രവർത്തിക്കുന്ന നിലവിലുള്ളതും പുതിയതുമായ പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളുടെ നടത്തിപ്പ് ചെലവുകൾ ഈ പദ്ധതിയിൽ നിന്ന് കണ്ടെത്താവുന്നതാണ്.
![Image](/mal/images/banner/Article-unnathi-scholarship-scaled.jpg)
പ്രീമെട്രിക്, പോസ്റ്റ്മെട്രിക് വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽപ്രവർത്തിക്കുന്ന പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും മെച്ചപ്പെട്ട വിദ്യാഭ്യാസം നേടുന്നതിനുള്ള അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. എല്ലാ ഹോസ്റ്റലുകളിലും യൂണിസെഫ് നിഷ്കർഷിക്കുന്ന നിലവാരത്തിലുള്ള അനുയോജ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതാണ്. പട്ടികവർഗ്ഗ ഹോസ്റ്റലുകളിലെ ചെറിയ അറ്റകുറ്റപ്പണികൾക്കുള്ള ചെലവ്, ഹോസ്റ്റലുകളിലെ മഴവെള്ള സംഭരണ സംവിധാനത്തിന്റെ അറ്റകുറ്റപ്പണികൾ/പുനരുദ്ധാരണം, വനിതാ ഹോസ്റ്റലുകളിൽ സാനിട്ടറി നാപ്കിൻ ഇൻസിനറേറ്ററുകൾ സ്ഥാപിക്കൽ,മേല്ക്കൂരകളിലെ ട്രസ്സ് വർക്ക് നിർമ്മാണവും പുന:രുദ്ധാരണവും, പാത്രങ്ങൾ, ഫർണിച്ചറുകൾ, കമ്പ്യൂട്ടറുകൾ എന്നിവ വാങ്ങുന്നതിനുള്ള ചെലവുകൾ, വൈദ്യുതി, കുടിവെള്ളം തുടങ്ങിയവയുടെ ചെലവിനുള്ള വിഹിതം എന്നിവ ഈ പദ്ധതിയില് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതുകൂടാതെ അധിക നിർമ്മാണ പ്രവർത്തനങ്ങൾക്കും, ഇന്ധന ചെലവുകൾ, പാചക വാതകത്തിനും മറ്റു സാധനസാമഗ്രിക്കുമുള്ള തുക, ഖര-ദ്രവമാലിന്യ സംസ്ക്കരണം, ഊർജ്ജ പദ്ധതികൾ, നവീകരണത്തിനുള്ള പ്രോജക്ടുകൾ, ഹോസ്റ്റലുകൾക്കായുള്ള ഈ-ഗവേണൻസ് സംരംഭങ്ങൾ നടപ്പാക്കാനുള്ള പ്രോജക്ടുകൾ, ഫർണിച്ചറുകൾ/ഉപകരണങ്ങൾ/അത്യാവശ്യ സാമഗ്രികൾ വാങ്ങൽ, പഠനയാത്രകൾ, കൗണ്സിലിംഗ് ഉൾപ്പെടെ കുട്ടികളുടെ സമഗ്ര ആരോഗ്യ വികസനത്തിനുള്ള ചെലവുകൾ, സോഫ്റ്റ് സ്കില്ലുകൾ വികസിപ്പിക്കൽ, അധിക പരിഹാര കോച്ചിംഗുകൾ, സെമിനാറുകളും വർക്ക് ഷോപ്പുകളും നടത്താനുള്ള ചെലവുകൾ, അധിക കോച്ചിംഗ്, പരിഹാര ബോധനം, ഹോസ്റ്റലുകളില് താമസിക്കുന്നവർക്കായി നൈപുണ്യ വികസന ക്ലാസ്സുകൾ എന്നിവയും ഈ പദ്ധതിയിൾ ഉൾപ്പെടുത്തി നടപ്പിലാക്കും.
മൂന്ന് കേന്ദ്രാവിഷ്കൃത പദ്ധതികൾ, ‘പട്ടികവർഗ്ഗ മേഖലയിൽ മാതൃകാ റസിഡൻഷ്യൽ സ്കുളുകളുടെ നിർമ്മാണം (കേന്ദ്ര വിഹിതം 50 ശതമാനം) ആണ്കുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണം (കേന്ദ്ര വിഹിതം 50 ശതമാനം), പെണ്കുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണം (കേന്ദ്ര വിഹിതം 100 ശതമാനം)’ എന്നീ പദ്ധതികൾക്ക് കീഴിൽ ആരംഭിച്ച ചില പ്രോജക്ടുകൾ ഇനിയും പൂർത്തിയാകാത്തതിനാലും ചില സാങ്കേതിക കാരണങ്ങളാലും ഈ സ്കീമുകൾക്ക് കേന്ദ്രസർക്കാരിൽ നിന്നും ഫണ്ട് ലഭിക്കുന്നതിൽ ബുദ്ധിമുട്ടുകളുള്ളതിനാലും ഇവ 2019-20 വാർഷിക പദ്ധതിയിൽ സംസ്ഥാന പദ്ധതിയായി ലയിപ്പിച്ച് ഉൾപ്പെടുത്തി. എല്ലാ സ്ഥാപനങ്ങൾക്കും പുറമെ, ഈ വർഷം വകുപ്പ് ഏറ്റെടുക്കുന്ന പുതിയ ഹോസ്റ്റലുകളുടെയും എം.ആർ.എസ്സുകളുടേയും നിർമ്മാണം, കൂടാതെ കേന്ദ്ര സർക്കാർ അനുവദിച്ച മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ ആവശ്യമായ ഹോസ്റ്റൽ ബ്ലോക്കുകൾ, സ്റ്റാഫ് ക്വാർട്ടേഴ്സ്, അധിക ക്ലാസ് മുറികൾ തുടങ്ങിയ അധിക നിർമ്മാണ പ്രവർത്തനങ്ങൾക്ക് കേന്ദ്രം അനുവദിച്ച തുക തികയാതെ വന്നാൽ ഈ പദ്ധതിയിൽ നിന്ന് തുക കണ്ടെത്താവുന്നതാണ്.
നാഷണല്‍ കൗണ്‍സിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗിന്‍റെ അംഗീകാരമുള്ള 5 ട്രേഡുകളിൽ പട്ടികവർഗ്ഗക്കാർക്ക് തൊഴിൽ പരിശീലനം നല്കുന്നതിനുവേണ്ടി തിരുവനന്തപുരത്തും ഇടുക്കിയിലും രണ്ട് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആധുനിക തൊഴിൽ ലഭിക്കുന്നതിൻ പുതിയ സാങ്കേതിക കോഴ്സുകൾ ആരംഭിക്കേണ്ടതുണ്ട്. ഇതിനായി, 2024-25 കാലയളവിൽ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, വ്യവസായ വകുപ്പ്, പട്ടികവർഗ്ഗ വികസന വകുപ്പ് എന്നിവയുടെ പിന്തുണയോടെ കോഴ്സുകളും സ്ഥാപനവും നവീകരിക്കുന്നതിനുള്ള ഒരു പഠനം നിർദ്ദേശിക്കുന്നു.കൂടാതെ തിരുവനന്തപുരത്തും ഇടുക്കിയിലും പ്രവർത്തിക്കുന്ന തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളുടെ നടത്തിപ്പ് ചെലവുകൾ (യൂണിഫോം, പഠന ഉപകരണങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ) നിർവ്വഹിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.