പദ്ധതികൾ
സാമൂഹിക മേഖലയിലെ ഇടപെടലുകൾ
അടിയ,പണിയ,പ്രാക്തനഗോത്ര വർഗ്ഗക്കാർ, വനത്തിൽ ജീവിക്കുന്ന പട്ടികവർഗ്ഗക്കാർ എന്നിവർക്കുള്ള പ്രത്യേക പരിപാടി പ്രാക്തനഗോത്ര വർഗ്ഗക്കാർക്കും മറ്റു ദുർബലരായ പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങളും, ജീവനോപാധിയും നല്കുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.ഈ പദ്ധതിയില് മൂന്ന് ഘടകങ്ങളാണ് ഉളളത്.
വനത്തിലോ/പരിസരപ്രദേശങ്ങളിലോ ജീവിക്കുന്ന പട്ടികവർഗ്ഗ സമൂഹത്തിൻ പ്രയോജനപ്പെടുന്ന തൊഴിലുകൾ നല്കി അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വനത്തിനുള്ളിലോ/പരിസര പ്രദേശങ്ങളിലോ താമസിക്കുന്ന പട്ടികവർഗ്ഗത്തില്പ്പെട്ട ആളുകൾക്ക് തൊഴിൽ നല്കുക, മറ്റു വരുമാനമാർഗം ഉണ്ടാക്കിക്കൊടുക്കുക, വന്യ മൃഗങ്ങളില്നിന്ന് സംരക്ഷണം നല്കുക, ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, വിദ്യാഭ്യാസവും അവബോധവും കൊടുക്കുക, അടിസ്ഥാന സൗകര്യ വികസനം, കണക്ടിവിറ്റിയും മറ്റ് വാർത്താവിനിമയ സൗകര്യങ്ങളും, പട്ടികവർഗ്ഗ വിഭാഗത്തില്പ്പെട്ട ആളുകളുടെ പുനരധിവാസം, ഇവരുടെ പ്രാദേശിക വാസസ്ഥലങ്ങൾ നശിപ്പിക്കുന്നത് തടയുക തുടങ്ങിയപ്രവർത്തനങ്ങളാണ് ഈ ഘടകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വനത്തിനുള്ളിലെ പട്ടികവർഗ്ഗ സെറ്റിൽമെന്റുകളിൽ നടപ്പിലാക്കുന്നതിനായി വിവിധ വകുപ്പുകളിൽ നിന്നും പ്രത്യേകിച്ച് വനം വകുപ്പിൽ നിന്നും അനുയോജ്യമായ നിർദ്ദേശങ്ങൾ/ പദ്ധതികൾ ക്ഷണിക്കും. അതിദാരിദ്ര്യ സർവേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങൾക്ക് മുൻഗണന നൽകും.
പാർശ്വവല്ക്കരിക്കപ്പെട്ടവരുടേയും പ്രാക്തനഗോത്രവിഭാഗത്തില്പ്പെട്ടവരുടെയും(ചോലനായ്ക്കൻ, കാട്ടുനായ്ക്കൻ, കൊറഗ, കുറിച്യർ, കാടർ) വികസനത്തിനായി അവരുടെ മേഖല, ആവശ്യം എന്നിവ കണക്കിലെടുത്ത് പ്രത്യേക പദ്ധതി രൂപീകരണമാണ് ഈ ഘടകത്തില് വിഭാവനം ചെയ്തിരിക്കുന്നത്. പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളായ അരനാടൻ, കുടിയ, മഹാമലസർ, പള്ളിയൻ, തച്ചനാടൻ മൂപ്പൻ, മലപ്പണിക്കർ, മലപണ്ടാരം, അടിയാൻ,എരവാളൻ, ഹിൽ പുലയ, ഇരുള, മലസർ, മലയൻ, മുഡുഗർ, മലവേട്ടുവൻ, പണിയൻ എന്നീ വിഭാഗങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഊർ/കുടുംബാധിഷ്ഠിത മൈക്രോ പ്ലാനുകൾ തയ്യാറാക്കുമ്പോൾ ഈ പ്രത്യേക വിഭാഗക്കാരുടെ ആരോഗ്യം, ഭക്ഷണം, സാമ്പത്തിക വികസനം എന്നിവയ്ക്ക് പ്രത്യേക ഊന്നല് നല്കുന്നതാണ്. ഗ്രാമവികസന വകുപ്പിന്റെ അതിദാരിദ്ര്യ സർവേ 2021-22 പ്രകാരം കണ്ടെത്തിയ കുടുംബങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകും.ഈ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനും മോണിറ്ററിംഗിനും ഉചിതമായ സംവിധാനം ആവിഷ്ക്കരിക്കുന്നതാണ്. പരിസ്ഥിതിലോല പ്രദേശങ്ങളിലും വെള്ളപ്പൊക്ക മണ്ണിടിച്ചില് സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെയും പുനരധിവാസം ഘട്ടംഘട്ടമായി നടപ്പിലാക്കും. അർദ്ധ നാടോടികളായ മലപണ്ടാരം സമുദായത്തിന്റെ വികസനത്തിനായി ഒരു പ്രത്യേക പാക്കേജിലൂടെ വീട്, വൈദ്യുതി, റോഡ്, ഉപജീവനമാർഗം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് മലപണ്ടാരം സമുദായത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിൻ പ്രത്യേക പരിഗണന നൽകും. ഇതുമായി ബന്ധപ്പെട്ട് വികസന വിടവ് കണ്ടെത്തുന്നതിൻ ജില്ലാതലത്തിൽ പഠനം നടത്തുകയും,ആയതിന്റെ അടിസ്ഥാനത്തില് പട്ടികജാതി പട്ടികവർഗ്ഗക്കാർക്കുള്ള ജില്ലാ തല കമ്മിറ്റിയുടെ (ഡി.എല്.സി.ഫോർ.എസ്.സി.എസ്.ടി) അംഗീകാരത്തോടെ മൈക്രോപ്ലാൻ നടപ്പാക്കുകയും ചെയ്യും. കൂടാതെ, 2024-25 ൽ സമഗ്രമായൊരു പഠനത്തിന്റെ അടിസ്ഥാനത്തിൽ പണിയ സമുദായത്തിൻ ഒരു പ്രത്യേക പാക്കേജ് ഏറ്റെടുക്കും. അതിദാരിദ്ര്യ സർവേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങൾക്ക് മുൻഗണന നൽകും.
അട്ടപ്പാടി, മാനന്തവാടി (കുഴിനിലം), സുഗന്ധഗിരി (വയനാട്) എന്നിവിടങ്ങളില് പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ വരുന്ന മൂന്ന് അഗതി മന്ദിരങ്ങളുടെ നടത്തിപ്പിനാവശ്യമായ ചെലവ് ഈ ഘടകത്തില് നിന്നും വഹിക്കാവുന്നതാണ്. അടിയൻ, പണിയൻ, പ്രാക്തനാഗോത്ര വർഗ്ഗക്കാർ, വനത്തിൽജീവിക്കുന്ന പട്ടികവർഗ്ഗക്കാർ എന്നിവർക്കുവേണ്ടി പുതിയ അഗതി മന്ദിരങ്ങൾ നിർമ്മിക്കുവാനും ഈ തുക വിനിയോഗിക്കാവുന്നതാണ്. അതിദാരിദ്ര്യ സർവേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങൾക്ക് മുൻഗണന നൽകും.