Educational Schemes
Image

വിദ്യാഭ്യാസം

വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവും സഹായവും

സമർത്ഥരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പ്രോത്സാഹനം അക്കാദമിക് തലങ്ങളില് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന പട്ടികവർഗ്ഗ വിഭാത്തില്പ്പെട്ട മിടുക്കരായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നല്കുന്നതിനുള്ള ഉപപദ്ധതിയാണിത്. ഈ ഉപപദ്ധതിയില് സർക്കാർനിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം എസ്.എസ്.എല്.സി, പ്ലസ് ടു, ബിരുദം, ഗവേഷണം പ്രൊഫഷണല് കോഴ്സ് തുടങ്ങിയവയ്ക്ക് കൂടുതൽമാർക്ക് അല്ലെങ്കിൽ ഉയർന്നഗ്രേഡ് കരസ്ഥമാക്കിയവർക്ക് പ്രോത്സാഹനം നല്കുന്നു. കലാ-കായിക രംഗങ്ങളിൽ മികവ് പുലർത്തുന്നവർക്ക് ക്യാഷ് ഇൻസെന്റീവ്/സർട്ടിഫിക്കറ്റ്/മെഡലുകൾ എന്നിവയും നൽകുന്നു.

അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന തെരഞ്ഞെടുത്ത പ്രതിഭാധനരായ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് (ഡേ സ്കോളർമാർ) അവരുടെ പഠന മികവിനും പാഠ്യേതര പ്രവർത്തനങ്ങൾക്കുമായി തുടർച്ചയായി സഹായം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സോഫ്റ്റ്വെയർ സഹായത്തോടെ പദ്ധതിക്കുകീഴിലുള്ള വിദ്യാർത്ഥികളുടെ തുടർച്ചയായ പഠന നിലവാരം വിലയിരുത്തും, അക്കാദമിക് മികവ് കൈവരിക്കുന്നത് വരെ വിദ്യാഭ്യാസ കാലഘട്ടം മുഴുവനും പഠന മികവ് പരിശോധിക്കപ്പെടും. എല്ലാ വർഷവും അഞ്ചാം തരത്തിൽ പഠിക്കുന്ന 200 വിദ്യാർത്ഥികളെ ഇന്റലിജൻസ് ടെസ്റ്റിലൂടെ തെരഞ്ഞെടുക്കുകയും ഈ വിദ്യാർത്ഥികൾക്ക് 6 വർഷത്തേക്ക് (5 മുതൽ 10 വരെ ക്ലാസ് വരെ) സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന നിരക്ക് പ്രകാരം പ്രതിമാസ സ്റ്റൈപ്പൻഡ്,ഫർണിച്ചറുകളും പുസ്തകങ്ങളും വാങ്ങുന്നതിനുള്ള സഹായം, ചികിത്സാ ധനസഹായം, പ്രത്യേക മാർഗ്ഗനിർദ്ദേശം, കൗൺസിലിംഗ് എന്നിവ നൽകുകയും ചെയ്യുന്നു. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എൽ.എസ്.എസ്-യു.എസ്.എസ് സ്കോളർഷിപ്പ് വഴിയുള്ള തെരഞ്ഞെടുപ്പ് നടപടിക്രമം പിൻതുടരും. തെരഞ്ഞെടുത്ത ശേഷം അത്തരം കുട്ടികൾക്ക് അക്കാദമിക മികവ് കൈവരിക്കുന്നതിൻ പ്രത്യേക പരിശീലനംനല്കുകയും ചെയ്യും.


അംഗീകൃത സർവ്വകലാശാലകളിലെ/സ്ഥാപനങ്ങളിലെ പ്ലസ്ടുവിൻ മുകളിലുള്ള ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകിക്കൊണ്ട് ഐ.ടി മേഖലയിലെ ഡിജിറ്റൽ ഡിവൈഡ് ലഘൂകരിക്കലാണ് ഈ ഉപപദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ലാപ്ടോപ്പുകൾ നൽകുന്നതിൻ അർഹതയുള്ള കോഴ്സുകൾ സർക്കാർതലത്തിൽ തീരുമാനിക്കും.

അപേക്ഷകൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ഇതുവരെ സഹായം ലഭിച്ചിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുളള സർട്ടിഫിക്കറ്റ് സഹിതം സ്ഥാപനമേധാവി/പ്രിൻസിപ്പൾ മുഖേന അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കോഴ്സ് കാലയളവിൽ ഒരു വ്യക്തിഗത ഗുണഭോക്താവിൻ ഒരു തവണമാത്രമേ ലാപ്ടോപ്പുകൾ നൽകൂ.

രക്ഷിതാക്കൾ സംരക്ഷിക്കാനില്ലാത്ത പട്ടികവർഗ്ഗ വിഭാഗത്തില്പ്പെട്ട വിദ്യാർത്ഥികൾക്ക് പ്രത്യേക സാമ്പത്തിക സഹായം നൽകി സാമൂഹിക സുരക്ഷ ഉറപ്പാക്കുകയാണ് ഈ ഉപ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ കുട്ടികൾ പ്രായപൂർത്തിയാവുന്നതുവരെയോ വരുമാനം സമ്പാദിക്കാൻ പ്രാപ്തരാകുന്നതുവരെയോ വിദ്യാഭ്യാസത്തിനും ജീവിതത്തിനുമുളള സഹായം ഈ പദ്ധതി മുഖേന നല്കുന്നു. സർക്കാർ നിശ്ചയിക്കുന്ന നിരക്കിനനുസരിച്ചായിരിക്കും ധനസഹായം അനുവദിക്കുന്നത്.പ്ലസ് ടു പാസായ പട്ടികവർഗ്ഗവിദ്യാർഥികൾക്കും തുടർപഠനത്തിനാവശ്യമായ പ്രാരംഭ ചെലവുകൾക്കായി പ്രത്യേക അലവൻസുകൾ നൽകാം.ഇത്തരം കുട്ടികളെ കണ്ടെത്തുന്നതിനും വിവരശേഖരണം നടത്തുന്നതിനും, അവരെ പുനരധിവസിപ്പിക്കുന്നതിനും, അവരെ വളർത്താനുള്ള സഹായം നല്കുന്നതിനും ഈ ഉപപദ്ധതിയിലെ തുക വിനിയോഗിക്കാവുന്നതാണ്.

പ്ലസ് വണ്ണിൽ എല്ലാ വിഷയങ്ങളും വിജയിക്കുകയും പ്ലസ് ടു കോഴ്സുകളിൽ തുടരുകയും ചെയ്യുന്ന വിദ്യാർത്ഥികൾ, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല് ഡിപ്ലോമ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്ക് അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി നടത്തുന്ന പഠനയാത്രയ്ക്കും, വിനോദയാത്രയ്ക്കും വേണ്ടിയുള്ള സാമ്പത്തിക സഹായം ഈ ഉപപദ്ധതി വഴി നല്കുന്നു.

കൂടാതെ, സംസ്ഥാനതല വർക്കിംഗ് ഗ്രൂപ്പിന്റെ (SLWG) അംഗീകാരത്തോടെ പ്രാക്തന ഗോത്രവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി ഭാരത് ദർശൻ/അഖിലേന്ത്യാ ടൂർ എന്നിവ നടത്തുവാനും ഈ ഉപപദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു.

പട്ടികവർഗ്ഗ വിഭാഗക്കാർക്കിടയിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കൽ

പട്ടികവർഗ്ഗ മേഖലകളിൽ കുട്ടികളിൽ പോഷകാഹാരക്കുറവ്, വളർച്ചക്കുറവ്, പഠന പ്രശ്നങ്ങൾ എന്നീ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പട്ടികവർഗ്ഗ കേന്ദ്രീകൃത സെറ്റിൽമെന്റുകളിൽ 31 മോഡൽ പ്രീ പ്രൈമറി സ്കൂളുകൾ ആരംഭിക്കാൻ പട്ടികവർഗ്ഗ വികസന വകുപ്പ് ഉദ്ദേശിക്കുന്നു. സാധ്യമാകുന്നിടത്തെല്ലാം ഏകാധ്യാപക സ്കൂളുകളും പെരിപ്പതെറ്റിക് വിദ്യാഭ്യാസ സ്ഥാപനങ്ങളും സംയോജിപ്പിച്ചോ ലയിപ്പിച്ചോ ആണ് പ്രീ-സ്കൂളുകൾ സ്ഥാപിക്കുന്നത്. പദ്ധതിയിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം തുടരുന്നതിൻ2, 3 ക്ലാസുകളിൽ എത്തുമ്പോൾ ഹോസ്റ്റൽ സൗകര്യം നൽകുന്നതാണ്. കൂടാതെ, മാതൃകാ പ്രീസ്കൂൾ അധ്യാപകർക്കും ആയമാർക്കും വാർഷിക പരിശീലനം, ആവശ്യമായ പുസ്തകങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ,ഓഡിയോ വിഷ്വൽ സംവിധാനം എന്നിവ വാങ്ങൽ, കളിസ്ഥലം, എന്നിവയുടെ നിർമ്മാണം എന്നിവക്കും ഈ പദ്ധതിയിലെ തുക വിനിയോഗിക്കാവുന്നതാണ്.

പട്ടികവർഗ്ഗ വിദ്യാർത്ഥികൾ സ്കൂളുകളിൽ എത്താത്തതിന്റെ പ്രധാന കാരണം പട്ടികവർഗ്ഗസെറ്റില്മെന്റുകളിൽ ഭൂരിഭാഗവും ഉൾക്കാടുകളിലും അപ്രാപ്യമായ പ്രദേശങ്ങളിലായതുകൊണ്ടും ഗതാഗത സൗകര്യങ്ങളുടെ അഭാവത്താലുമാണ്. എല്ലാ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും കുട്ടികൾക്കും സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും കൊഴിഞ്ഞുപോക്ക് കുറയ്ക്കുന്നതിനും പട്ടികവർഗ്ഗകുട്ടികളുടെ സ്കൂളിലെ റിറ്റൻഷൻ ഉറപ്പാക്കുന്നതിനും പട്ടികവർഗ്ഗ വികസന വകുപ്പ് വിദ്യാവാഹിനി (ഗോത്രസാരഥി) എന്ന പദ്ധതി പട്ടികവർഗ്ഗമേഖലകളിൽ നടപ്പാക്കിവരുന്നു. 2023-24 സാമ്പത്തിക വർഷം മുതൽ പട്ടികവർഗ്ഗ വികസനവകുപ്പ് വഴി ഗോത്രസാരഥി(വിദ്യാവാഹിനി) പദ്ധതി നടപ്പാക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ പദ്ധതിയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്കും പദ്ധതിവിഹിതം നല്കാവുന്നതാണ്.

പട്ടികവർഗ്ഗ സെറ്റില്മെന്റുകളിൽ ട്യൂഷൻ സമ്പ്രദായത്തോടുകൂടിയ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് സാമൂഹ്യ പഠനമുറികൾ ആരംഭിച്ചത്. ഈ വിഭാഗത്തില്പ്പെട്ട വിദ്യാസമ്പന്നരായ യുവാക്കളെ (സ്ത്രീ/പുരുഷൻ) അതാത് പ്രദേശത്തുനിന്നുതന്നെ തെരഞ്ഞെടുത്ത്, ട്യൂട്ടറായി പരിശീലനം നല്കി, ഓണറേറിയം വ്യവസ്ഥയിൽ ഫെസിലിറ്റേറ്ററായും സോഷ്യൽ വർക്കറായും പ്രവർത്തിക്കുന്നതിനായി നിയോഗിക്കുന്നതാണ്. ഇന്റർനെറ്റ് സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ, ഫർണിച്ചർ, വായന സാമഗ്രികൾ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെത്തന്നെ ഒരുക്കുന്നതാണ്.

വിദ്യാർത്ഥികൾക്ക് ലഘുഭക്ഷണവും നൽകും. കെട്ടിടം ആവശ്യമായിടത്ത് അവ നൽകാനും, കൂടാതെ ഈ വിഭാഗക്കാരുടെ ആത്മാഭിമാനവും സ്വാശ്രയത്വവും വർദ്ധിപ്പിക്കുന്നതിനായി ഓരോ സാമൂഹ്യ പഠനമുറികളിലും റിസോഴ്സ് സെന്ററുകളും മെന്ററിംഗ് യൂണിറ്റുകളും ആരംഭിക്കാനും ഉദ്ദേശിക്കുന്നു.

54 സാമൂഹ്യ പഠനമുറികളെ മാതൃകാ സാമൂഹ്യപഠനമുറികളായി മാറ്റാനും പദ്ധതി വിഭാവനം ചെയ്യുന്നു. പട്ടികവർഗ്ഗക്കാർക്കിടയിലുള്ള ഐ.ടി മേഖലയിലെ ഡിജിറ്റൽ ഡിവൈഡ് പരിഹരിക്കുന്നതിനായി, സാമൂഹ്യ പഠനമുറികൾ ഒരു ഡിജിറ്റൽ ഹബ്ബായും പ്രവർത്തിക്കുന്നതാണ്. മാതൃകാ സാമൂഹ്യ പഠനമുറികളിൽ വെർച്വൽ പ്രീ എക്സാം ട്രെയിനിംഗ് സെന്ററുകൾ ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കുന്നതും ഈ പദ്ധതിയില് ഉൾപ്പെടുന്നു. പ്രീ-സ്കൂൾ സൗകര്യങ്ങളില്ലാത്ത ജനവാസ കേന്ദ്രങ്ങളിൽ സാമൂഹ്യ പഠനമുറികൾ അംഗൻവാടികൾ/കിന്റർഗാർട്ടനുകളായി പ്രവർത്തിക്കും.


ഹൈസ്ക്കൂളിലും, പതിനൊന്നാം ക്ലാസിലും, പന്ത്രണ്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നല്കി വിജയ ശതമാനം വർദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. തൊട്ടടുത്തുള്ള പാരലല് കോളേജിൽ ചേർന്ന് ട്യൂഷൻ പഠിക്കുന്നതിനുള്ള പ്രതിമാസ ട്യൂഷൻ ഫീസ് രക്ഷിതാക്കൾക്ക് നേരിട്ട് നൽകും (ഡി.ബി.ടി വഴി). 1600 പട്ടികവർഗ്ഗ വിദ്യാർഥികളെ ഈ പദ്ധതിക്ക് കീഴില് ലക്ഷ്യംവയ്ക്കുന്നു. ഈ ഘടകത്തില് ഉൾപ്പെടുത്തിയിരിക്കുന്ന പ്രവർത്തനങ്ങൾ താഴെ പറയുന്നവയാണ്.

  • ഹൈസ്കൂളുകളിലെയും, പതിനൊന്ന്-പന്ത്രണ്ട് ക്ലാസ്സുകളിലെയുംപട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ട്യൂഷൻ നല്കുക.
  • എസ്.എസ്.എല്.സി, പ്ലസ് ടു, ഡിഗ്രി കോഴ്സുകളില് പരാജയപ്പെട്ട പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പരീക്ഷ വിജയിക്കുന്നതിൻ ട്യൂഷൻ നല്കുക.
  • പാലക്കാട് നെഹ്റു യുവകേന്ദ്ര ഏറ്റെടുത്തിരിക്കുന്ന ‘ഗിരി വികാസ് പദ്ധതിയും’ അട്ടപ്പാടി കോ ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിയുടെ ഗുരുകുലം പരിപാടിയും നടപ്പാക്കുക.
  • പട്ടികവർഗ്ഗ വികസന ഉദ്യോഗസ്ഥരുടെ/പ്രോജക്ട് ഓഫീസർമാരുടെ മേല്നോട്ടത്തിൽ എസ്.എസ്.എല്.സി, പ്ലസ് ടു പരീക്ഷയ്ക്ക് മുമ്പായി ഒരു മാസത്തെ തീവ്രപരിശീലനം (ജില്ല തിരിച്ച്) നടത്തുക, ഭക്ഷണം, താമസം, അധ്യാപന സഹായികൾ, പഠനോപകരണങ്ങൾ,അധ്യാപകർക്കുള്ള ഓണറേറിയം തുടങ്ങിയവ നല്കുക, പരിശീലനത്തിന്റെ ചെലവ് ഒരു വിദ്യാർത്ഥിക്ക് 3,500/- രൂപയിൽ കവിയരുത്.
  • പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് ട്യൂഷൻ നല്കുക
  • ഓണ്ലൈൻ/വിദൂര വിദ്യാഭ്യാസത്തിനുള്ള സഹായം.

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, സ്പോർട്സ് അസോസിയേഷൻ, ദേശീയ അന്തർദേശീയഏജൻസികൾ എന്നിവയുമായി സഹകരിച്ച് പട്ടികവർഗ്ഗ കുട്ടികൾക്കും യുവജനങ്ങൾക്കുമിടയിൽ കല, കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ഘടകത്തിന്റെ ലക്ഷ്യം. പട്ടികവർഗ്ഗ വികസന വകുപ്പ്, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി (സായി) സഹകരിച്ച് കായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ കണ്ടെത്തുന്ന പ്രതിഭകളെ ചിട്ടയായ പരിശീലനത്തിലൂടെ വളർത്തിയെടുക്കുന്നതിനും, ദേശീയ അന്തർദേശീയ തലങ്ങളിൽ പങ്കെടുക്കാൻ തരത്തിലുള്ള മികച്ച കായികതാരങ്ങളായി അവരെ മാറ്റുന്നതിനും കഴിയും.

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും ഹോസ്റ്റലുകളിലെയും കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വാർഷിക കായിക മേള(കളിക്കളം) നടത്തുന്നതിനുള്ള ചെലവ് ഇതില് നിന്ന് വഹിക്കാവുന്നതാണ്. സംസ്ഥാന, ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പട്ടികവർഗ്ഗവിദ്യാർത്ഥികൾ/യുവാക്കൾക്ക് പങ്കെടുക്കുന്നതിനുള്ള ധനസഹായവും ആവശ്യമായ വിദഗ്ധ പരിശീലനവും ലഭ്യമാക്കുന്നതിനുള്ള ചെലവും ഈ ഘടകത്തിൽ നിന്നും വഹിക്കാവുന്നതാണ്. കൂടാതെ, കായിക-മത്സരരംഗത്ത് കൈവരിച്ച നേട്ടങ്ങൾക്ക് അംഗീകാരം നൽകുന്ന സർട്ടിഫിക്കറ്റ്, സമ്മാനപത്രം അല്ലെങ്കിൽ മെറിറ്റ് അവാർഡുകൾ എന്നിവ നൽകുന്നതിൻ ആവശ്യമായ ചെലവുകൾ, കായികരംഗത്തെ പ്രോത്സാഹനത്തിനായി സംസ്ഥാനതല പരിപാടികൾ നടത്തുക, (മികച്ച കായികതാരങ്ങളെയും പരിശീലകരെയും സംസ്ഥാനതലത്തിൽ നിയമിക്കുക)സ്കൂൾ/ഹോസ്റ്റൽ തലത്തിൽ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനായിപ്രധാന കായിക മത്സരങ്ങൾ നടത്തുക, സംസ്ഥാന, ദേശീയ, അന്തർദ്ദേശീയ മീറ്റുകളിൽ പങ്കെടുക്കുന്ന പട്ടികവർഗ്ഗക്കാർക്ക് ഫെലോഷിപ്പുകൾ നൽകുക, പോഷക നിലവാരം നിലനിർത്തുന്നതിൻ ആവശ്യമായ ചെലവ്, കലാ-കായിക പ്രോത്സാഹന പ്രവർത്തനങ്ങൾ തുടങ്ങിയവയും, കായികരംഗത്ത് മികവ് പുലർത്തുന്നതിനുള്ള മറ്റ് ചെലവുകൾ എന്നിവയും ഈ ഘടകത്തിൽ നിന്ന് കണ്ടെത്താവുന്നതാണ്. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള സ്കൂളുകളിലും ഹോസ്റ്റലുകളിലും ആവശ്യമായ സ്പോർട്സ്, ഗെയിംസ് ഉപകരണങ്ങളും നൽകും. കലോത്സവങ്ങളിലും മത്സരങ്ങളിലും പങ്കെടുക്കാൻ പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനവും ഈ പദ്ധതി പ്രകാരം നൽകാവുന്നതാണ്.പട്ടികവർഗ്ഗ യുവാക്കൾക്ക് കായിക പരിശീലനത്തിനുള്ള കോർട്ടുകളും ഗ്രൗണ്ടുകളും സ്ഥാപിക്കുന്നതിനുള്ള ചെലവുകളും ഈ ഉപഘടകത്തിൽ നിന്ന് കണ്ടെത്താം.